ദുബായ് : കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷാര്‍ജ പുസ്തക മേളയില്‍ പങ്കെടുക്കാനായി യുഎഇയിലെത്തി. അഴിമതിയ്ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ കുറിപ്പുകളാണ് പുസ്തകമായി മേളയില്‍ പ്രകാശനം ചെയ്യുന്നത്. ‘കടന്നുപോകും അഴിമതിയുടെ ഈ ദുരിതകാലവും’ എന്ന പേരിലാണ് ഈ പുസ്തകം. നവംബര്‍ 12 ന് ശനിയാഴ്ച രാത്രി എട്ടിന് ഷാര്‍ജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് പുസ്തക പ്രകാശനം. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി പ്രകാശനം നിര്‍വഹിക്കും. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് ആദ്യ പ്രതി ഏറ്റുവാങ്ങും.
ഷാര്‍ജ മുനിസിപ്പാലിറ്റി സര്‍വീസസ് മേധാവി അഹമ്മദ് അല്‍ ജാസ്മി, റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ഷംസുദ്ധീന് ബിന്‍ മൊഹിയുദ്ധീന്‍, ഷാര്‍ജ സില്‍വര്‍ ഹോം റിയല്‍ എസ്റ്റേറ്റ് ഡയറക്ടര്‍ വി ടി സലീം, യുഎഇയിലെ എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആര് ഹരികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. പുസ്തക പ്രസാധകരായ ഹരിതം ബുക്സ് ഉടമ പ്രതാപന് തായാട്ട് ആമുഖ പ്രസംഗം നടത്തും.
ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് ഇന്‍കാസ് നേതാക്കള്‍ സ്വീകരണം നല്കി.