വഴിയോര വിശ്രമകേന്ദ്രങ്ങളുടെ മറവില്‍ വന്‍ അഴിമതിക്ക് സർക്കാർ നീക്കമെന്ന് രമേശ് ചെന്നിത്തല: സ്വകാര്യ വ്യക്തികള്‍ക്കുവേണ്ടി സർക്കാർ ഭൂമി വിറ്റുതുലയ്ക്കാന്‍ നീക്കം; തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെ; രഹസ്യമായി പൊടിതട്ടിയെടുക്കുന്നത് മുമ്പ് ശിവശങ്കർ ആവിഷ്കരിച്ച് കയ്യോടെ പിടിച്ചപ്പോള്‍ മാറ്റിവെച്ച പദ്ധതി

Jaihind Webdesk
Saturday, March 4, 2023

 

തിരുവനന്തപുരം: സർക്കാരിന്‍റെ വഴിയോര വിശ്രമകേന്ദ്രം പദ്ധതിയുടെ മറവില്‍ വന്‍ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ വ്യക്തികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടി സര്‍ക്കാർ ഭൂമി വിറ്റുതുലയ്ക്കാനുള്ള നീക്കമാണിതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിവാദ തീരുമാനം. നേരത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചുക്കാന്‍ പിടിച്ച പദ്ധതിക്കാണ് ഇപ്പോള്‍ റവന്യൂ-നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്ന് അനുമതി നല്‍കിയിരിക്കുന്നത്. രഹസ്യമായിട്ടാണ് ഇതിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് 10 ചോദ്യങ്ങളും അദ്ദേഹം സർക്കാരിനോട് ചോദിച്ചു.

നോർക്ക  റൂട്ട്സിന്‍റെ കീഴില്‍ കമ്പനി രൂപീകരിച്ചാണ് അഴിമതിക്കുള്ള കളമൊരുക്കിയിരിക്കുന്നത്. 2021 ല്‍ താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ക്രമവിരുദ്ധമായി ഒരു ഏക്കർ ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകിയത് കയ്യോടെ പിടിച്ചിരുന്നു. ഇതിനെ തുടർന്ന് ഉപേക്ഷിച്ച പദ്ധതിയാണ് പിണറായി സർക്കാർ രഹസ്യമായി വീണ്ടും കൊണ്ടുവരുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 30 ഇടങ്ങളിലായി 150 ഏക്കർ ഭൂമിയാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടിയാണ് പദ്ധതിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

“സ്‍മാർട്ട് സിറ്റി വിവാദങ്ങളുമായി ബന്ധപ്പെട്ട് പുറത്തായ ഒരു വ്യക്തിയാണ് ഈ കമ്പനിയുടെ എംഡിയായി നിയമിക്കപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. കമ്പനി എംഡിയുടെ നേതൃത്വത്തിൽ വിദേശ സന്ദർശനം നടത്തിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. ഇയാൾ എങ്ങനെ സർക്കാർ കമ്പനിയുടെ എംഡിയായി എന്നും ഗവൺമെന്‍റ് വ്യക്തമാക്കണം” – രമേശ് ചെന്നിത്തല പറഞ്ഞു.

വിദേശമലയാളികളെ ചേർത്ത് നോർക്ക റൂട്സിന്‍റെ കീഴിൽ രൂപീകരിച്ച ഓവർസീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് (OKIHL) എന്ന കമ്പനിക്കാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാൻ ഭൂമി കൈമാറാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിയമവകുപ്പും റവന്യൂ വകുപ്പും ഒരുപോലെ എതിർത്ത പദ്ധതിയാണിത്. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. താൻ പ്രതിപക്ഷ നേതാവായിരിക്കെ ചൂണ്ടിക്കാട്ടിയ പ്രധാന അഴിമതിയായിരുന്നു ഇത്. അതീവ രഹസ്യമായിട്ടാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

“നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഭൂമി വെറുതെ കിടക്കുന്നുണ്ട്. സംസ്ഥാന പാതയോട് ചേർന്ന് കിടക്കുന്ന കെട്ടിടങ്ങൾ ഇടിച്ചുതകർത്താണ് പദ്ധതിക്കായി സ്ഥലം നൽകാൻ സർക്കാർ ഒരുങ്ങുന്നത്. സർക്കാർ പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിയാണെന്നാണ് വാദം. ഈ കമ്പനികളോ വ്യക്തികളോ ഭൂമി ബാങ്കിൽ പണയം വെച്ച് വൻതോതിൽ വായ്‌പയെടുക്കുമെന്ന കാര്യം ഉറപ്പാണ്. ഈ വായ്‌പ തിരിച്ചടച്ചില്ലെങ്കിൽ ഭൂമി ബാങ്കുകൾ ജപ്‌തി ചെയ്യുകയും ചെയ്യും” – രമേശ് ചെന്നിത്തല പറഞ്ഞു.

ദേശീയ-സംസ്ഥാന പാതകളോടു ചേർന്ന് 5 ഏക്കർ ഭൂമി കൈമാറാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കിഫ്ബിയുമായി ഓകിൽ (OKIHL) കരാറിലായിട്ടുണ്ട്. 30 കേന്ദ്രങ്ങളിലാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാന്‍ ലക്ഷ്യമിടുന്നത്. 1000 കോടിയുടെ പദ്ധതിയാണിത്.

സർക്കാരിനോട് രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങള്‍:

1. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഒരേക്കർ ഭൂമി റവന്യൂ വകുപ്പിൽ നിക്ഷിപ്തമാക്കി ഒക്കിൽ കമ്പനിക്ക് അഞ്ച് ശതമാനം പാട്ടനിരക്കിലും മറ്റു പാട്ടവ്യവസ്ഥകൾക്കും വിധേയമായി പത്തു വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനുള്ള അനുമതി 2021 ഫെബ്രുവരി നാലിന് നൽകിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയിട്ടാണ് ഈ ഭൂമി കമ്പോളവില നൽകി കമ്പനിക്ക് കൊടുക്കുവാൻ
തീരുമാനിക്കുന്നത്. ഇത് ആരുടെ താല്പര്യം?

2. ഭൂമി പണയപ്പെടുത്താൻ പാടില്ല എന്ന ഉത്തരവിലെ വ്യവസ്ഥ തിരുത്തിയത് ആരുടെ താല്പര്യം.?

3. പാട്ടവ്യവസ്ഥകൾ ലംഘിക്കുന്നതും ഭേദഗതി വരുത്തുന്നതും ഉചിതമല്ല എന്ന് ലാൻഡ് റവന്യൂ കമ്മിഷണർ ചൂണ്ടിക്കാട്ടിയിട്ടും ഇത് മാറ്റിയത് എന്തിന്.?

4. റസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരികൾ ഭാവിയിൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിച്ച് അതിലേക്ക് മാറ്റുമ്പോൾ ഈ ഭൂമിയുടെ അവസ്ഥ എന്താകും?

5. ജി എസ് ടി വകുപ്പിന്റെ കൈവശത്തിലുള്ള ഭൂമി ഇത്തരത്തിൽ കമ്പോള വിലയ്ക്ക് കൊടുക്കുന്നതിന് ജിഎസ്ടിയുടെ അനുമതി നേടിയിട്ടുണ്ടോ.?

6. സർക്കാർ ഭൂമി പൂർണ്ണമായും ട്രാൻസ്ഫർ ചെയ്ത് ഉടമസ്ഥത കമ്പനിക്ക് നൽകുന്നതിനുള്ള നിർദ്ദേശം നിലവിലുള്ള അസൈൻമെന്റ് ആക്ടിന്റെയും ചട്ടങ്ങളുടെയും പുറത്തുള്ള സംഗതി ആണെന്ന് നിയമ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടും ഇതുമായി മുന്നോട്ടുപോയത് എന്തിന്?

7. സർക്കാർ അവകാശപ്പെടുന്നതുപോലെ 100% ഗവൺമെന്റ് ഓൺഡ് കമ്പനിയാണ് ഓക്കിൽ
എങ്കിൽ ഇതിന്റെ എംഡി സ്ഥാനത്തേക്ക് ബാജു ജോർജ് എങ്ങനെ എത്തി?

8. 2021 ജൂൺ 21 -ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂമി പാട്ടത്തിന് നൽകാതെയും സ്വകാര്യപങ്കാളിത്തത്തിൽ അല്ലാതെയും പാതയോര വിശ്രമ കേന്ദ്രം സ്ഥാപിക്കാവുന്നതാണ് എന്ന് അറിയിച്ചിരുന്നു.
ഇത് പിന്നീട് മാറ്റി ഭൂമി കമ്പോള വിലയ്ക്ക് നൽകണമെന്ന് ആക്കിയത് എന്തിന്.?

9. 28 7 2021നു മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തിൽ ആലപ്പുഴയിൽ കണ്ടെത്തിയ ഭൂമി കമ്പോള വിലയ്ക്ക് പതിച്ചു നൽകുന്നതിനായി ഭൂമിയുടെ കമ്പോള വില നിശ്ചയിക്കണമെന്ന് തീരുമാനിച്ചത് ആരുടെ താൽപര്യം സംരക്ഷിക്കുവാൻ.?

10. കമ്പനിക്ക് ഭൂമി വാങ്ങി നൽകുവാൻ വേണ്ടി ധനവകുപ്പിൻ്റെ—- ഗ്രാന്റ് ഉൾപ്പെടെ സംഘടിപ്പിക്കുവാൻ ശ്രമിച്ചത് എന്ത് താല്പര്യത്തിന് വേണ്ടി