മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടുമടുത്തത് കൊണ്ടാണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോഹന്‍ലാലിനെയും മമ്മൂട്ടിയേയും നമ്മള്‍ ഇടയ്ക്കിടെ കാണുന്നത് കൊണ്ടാണ് അതുക്കുംമേലെ കമല്‍ഹാസനെ കൂടി വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയില്‍ എസ്എന്‍സി ലാവലിന്‍ കേസ് മാറ്റിവച്ചത് ബിജെപി- സിപിഎം അന്തര്‍ധാര മൂലമാണെന്നും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കാന്‍ ഇഡി തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടേറിയേറ്റിന് മുന്നില്‍ ആര്‍എസ്പിയുടെ രാപ്പകല്‍ സമര സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
മോദിയുടെയോ അമിത് ഷായുടെയോ പേര് നിയമസഭയില്‍ പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ല. 2021ല്‍ കേരളാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 69 മണ്ഡലങ്ങളില്‍ സിപിഎമ്മിന് ബിജെപി വോട്ട് മറിച്ച് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം കേരളീയം നടത്തേണ്ട എന്ത് ആവശ്യമാണുള്ളതെന്നും ചോദിച്ചു. കേരളീയം പരിപാടി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചു നടത്തുന്ന രാഷ്ട്രീയ പ്രചരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.