‘വർഗീയ ശക്തികളുടെ കയ്യില്‍ വാള്‍ കൊടുത്തിട്ട് മുഖ്യമന്ത്രി ‘ചാമ്പിക്കോ’ എന്ന് പറയുകയാണ്’ : രമേശ് ചെന്നിത്തല

കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല.  അമ്പതിലേറെ കൊലപാതകങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായത്. ആലപ്പുഴയില്‍ നടന്ന രീതിയിലാണ് പാലക്കാട്ടും ഉണ്ടായിരിക്കുന്നത്. ഇതിലൊന്നും പാഠം പഠിക്കാന്‍ കേരളാ പോലീസ് തയ്യാറാകുന്നില്ല. രണ്ട് വര്‍ഗീയതയും ഉപേക്ഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപകമായ കൊലപാതകങ്ങള്‍ നടക്കുന്നു, അക്രമങ്ങള്‍ നടക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിനൊന്നും ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ? പോലീസിനില്ലേ? ആഭ്യന്തര വകുപ്പിനില്ലേ? നിഷ്‌ക്രിയമായ ഒരു ആഭ്യന്തര വകുപ്പാണ് ഇതിനെല്ലാം കാരണമെന്നു തെളിയുകയാണെന്നും ചെന്നിത്തല പറഞ്ഞു

ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ നാടിന് ആപത്താണ്. മാറി മാറി രണ്ട് വര്‍ഗീയതയെയും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. രണ്ട് വര്‍ഗീയ ശക്തികളുടെയും കൈകളില്‍ വാള് കൊടുത്തിട്ട് പുതിയ ട്രെന്‍ഡ് അനുസരിച്ച് ‘ചാമ്പിക്കോ’ എന്ന് പറയുന്ന നിലയാണ് മുഖ്യമന്ത്രി എടുത്തിരിക്കുന്നത്. അതാണ് ഇന്ന് കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നും ചെന്നിത്തല വിമർശിച്ചു.

 

Comments (0)
Add Comment