കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാജയപ്പെട്ട കര്‍ഷകനാണ്, നെല്ല് എടുത്തിട്ട് കാശ് തന്നില്ല എന്ന് പറഞ്ഞാണ് തകഴി കുന്നുമേല്‍ കെ ജി പ്രസാദ് ആത്മഹത്യ ചെയ്തത്. കേരളത്തില്‍ നിരന്തരമായി കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. അമ്പലപ്പുഴയിലും ഈ അടുത്ത ദിവസമാണ് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും നെല്ല് വിളയിക്കുന്ന കര്‍ഷകര്‍ക്ക് നെല്ലെടുത്ത ശേഷം പണം കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. പി ആര്‍ എസ് വായ്പാ കുടിശ്ശികയുടെ പേരില്‍ ലോണ്‍ നിഷേധിക്കപ്പെടുന്നു. സര്‍ക്കാറിന്റെ തെറ്റായ നയം തിരുത്തി കര്‍ഷകരെ സഹായിക്കാനുളള തീരുമാനമാണ് വേണ്ടത്. ഈ വിഷയത്തില്‍ ഭക്ഷ്യമന്ത്രിയുടെ വാദഗതികള്‍ ശരിയല്ല. വസ്തുതകള്‍ വളച്ചൊടിക്കാതെ കര്‍ഷകരോട് മന്ത്രി നീതി പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളീയം പരിപാടിയുടെ മറവില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുകയാണ്.
തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നു. വ്യാപകമായ പണപ്പിരിവിലൂടെ വലിയ തോതിലുള്ള അഴിമതിയാണ് നടക്കുന്നത്. എല്‍ഡിഎഫ് ജനങ്ങളോട് ഒരു ആത്മാര്‍ത്ഥതയുമില്ലാതെ പലതും പറയുകയാണ്. ഇവിടെ വരുമാനം വര്‍ധിപ്പിക്കാന്‍ നികുതി പിരിവുകള്‍ ഒന്നും നടക്കുന്നില്ല. അതേസമയം, അഴിമതിക്കും ധൂര്‍ത്തിനും ഒരു കുറവുമില്ല. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് അര്‍ഹമായ വിഹിതം ചോദിച്ചു വാങ്ങുന്നില്ല. മുഖ്യമന്ത്രി കേന്ദ്രത്തിന് മുന്‍പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നു. ഏഴ് വര്‍ഷമായി കേന്ദ്രത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത മുഖ്യമന്ത്രിയാണ് നമ്മുടേത്. കേരള മോഡല്‍ എന്നാല്‍ എല്‍ഡിഎഫ് മോഡലാകില്ല. കേരളം മാറി മാറി ഭരിച്ച എല്ലാ സര്‍ക്കാരുകള്‍ക്കും മുന്നണികള്‍ക്കും അവകാശപ്പെട്ടതാണ് കേരള മോഡല്‍ എന്ന് പറയുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യബോധവും പൗരബോധവും സാക്ഷരതയും നാം സ്വായത്തമാക്കിയ അറിവും മറ്റു കഴിവുകളും പ്രാഗത്ഭ്യവും ചേര്‍ന്ന കേരള മോഡല്‍ നമ്മുടെ സ്വന്തം തനിമയാണ്. അത് എല്‍ഡിഎഫിന്റെ സൃഷ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശനം ജനങ്ങളുടെ കൂട്ടായ പോരാട്ടത്തിലൂടെ നേടിയതാണ്. അത് സാമൂഹികമായ മാറ്റത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ ഐക്യത്തിന്റെ വിജയമായിരുന്നു. ക്ഷേത്ര പ്രവേശന വിളംബരം അവകാശമാണ്. ആരുടെയും ഔദാര്യമല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇത് സംബന്ധിച്ചുളള നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.