സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍പക്ഷികള്‍ ; കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ നീക്കം : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 1, 2021

 

കാസര്‍കോട് :  കേരളത്തെ വര്‍ഗീയവത്കരിക്കാനുള്ള നീക്കമാണ് സിപിഎമ്മും ബിജെപിയും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട്  പറഞ്ഞു. രണ്ട് പേരുടേയും ലക്ഷ്യം കോണ്‍ഗ്രസിനേയും യുഡിഎഫിനെയും ഇല്ലായ്മ ചെയ്യുക എന്നതാണ്. തില്ലങ്കേരി മോഡല്‍ തെളിയിക്കുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം സംസ്‌ഥാനത്ത്‌ വർഗീയത ആളിക്കത്തികയാണ്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും, മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അകറ്റുകയും തമ്മിലടിപ്പിക്കുകയാണ് സി.പി.എം. ഇതിന് വേണ്ടി സൈബർ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്ല്യമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇടതു സർക്കാരിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നു. പ്രഖ്യാപനങ്ങളും പ്രസ്താവനകളും മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഒച്ചിഴയുന്ന വേഗതയിലാണ് മുന്നോട്ടുപോകുന്നത്. ബജറ്റില്‍ ഒരുരൂപ പോലും നീക്കിവച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം വലിയ പ്രതിസന്ധി നേരിടുന്നു.

ഇവര്‍ക്ക് സമാശ്വാസമായി 5 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കണമെന്ന ഉത്തരവ് സുപ്രീംകോടതിയില്‍ നിന്നും വാങ്ങിയത് ഡിവൈഎഫ്‌ഐയാണ്. ഇനിയും മൂവായിരത്തിലേറെ പേര്‍ക്ക് സഹായം ലഭിക്കാനുണ്ട്. ആംബുലന്‍സ് സൗകര്യം അടക്കം ലഭ്യമല്ല. ഡിവൈഎഫ്‌ഐ നേടിയ സുപ്രീംകോടതി ഉത്തരവ് പോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍കോട് ജില്ലയോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജില്ലയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പളപരിഷ്‌കരണത്തില്‍ പൊലീസുകാരെ പാടേ തഴഞ്ഞു. സദാകര്‍മ്മനിരതരായ പൊലീസുകാര്‍ക്കെതിരായ അവഗണന പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.