സംസ്ഥാനത്തെ പി.എസ്.സി -സർവകലാശാല പരീക്ഷകളിലെ അഴിമതി വ്യാപമാകുന്നു : രമേശ് ചെന്നിത്തല

സംസ്ഥാനത്തെ പി.എസ്.സി-സർവകലാശാല പരീക്ഷകളിലെ അഴിമതി വ്യാപമാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരീക്ഷകളിൽ സിപിഎം അനുഭാവികൾക്ക് നിയമനം നൽകാൻ വഴിവിട്ട സഹായമാണ് സർക്കാർ നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവച്ച് അന്വേഷണം നേരിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പി എസ് സി പരീക്ഷാ ക്രമക്കേടിൽ നടന്ന അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച സർക്കാർ സംസ്ഥാനത്തെ സർവകലാശാല പരീക്ഷകളിലും വ്യാപക ക്രമക്കേടാണ് നടത്തുന്നത്. പി എസ് സി ക്രമക്കേടിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവത്തതിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പി.എസ്.സി യുടെ പ്ലാനിംഗ് ബോർഡിൽ സിപിഎം അനുഭാവികളെ ജോലിയിൽ പ്രവേശിപ്പിക്കാനായി നടന്നത് വ്യാപക ക്രമക്കേടാണ്. സി പി എം അനുഭവികൾക്ക് ജോലി ലഭിക്കാൻ ഇന്‍റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എം ജി സർവകലാശാലയിൽ അദാലത്തിന്‍റെ പേരിൽ മന്ത്രി കെ ടി ജലീൽ ഇടപെട്ട് ഇടതുപക്ഷ അനുകൂല അധ്യാപകർ നിർദേശിച്ച വിദ്യാർത്ഥികൾക്ക് മാർക്ക് കൂട്ടി നൽകി. വിഷയത്തിൽ ജുഡീഷ്യൽ അന്വഷണം നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യൂണിവേഴ്സിറ്റി പരീക്ഷകളുടെ വിശ്വാസ്യത പൂർണമായും നശിപ്പിക്കുന്ന നടപടികളാണ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Ramesh Chennithala
Comments (0)
Add Comment