ശബരിമല: ദേവസ്വം ബോര്‍ഡിന്റേത് ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാട്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടക്കം മുതല്‍ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഇപ്പോള്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടും അത് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ കയ്യിലെ പാവ മാത്രമാണ് ദേവസ്വം ബോര്‍ഡ്. നിലപാട് പല തവണ അവര്‍ മാറ്റി. യുവതീ പ്രവേശനം പാടില്ലെന്നാണ് സുപ്രീംകോടതിയില്‍ ആദ്യം ബോര്‍ഡ് സ്വീകരിച്ച നിലപാട്. സുപ്രീം കോടതി വിധി വന്നതിനെത്തുടര്‍ന്ന് വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നാണ് ആദ്യം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ അത് മാറ്റി. പിന്നീട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞു.

അതും മാറ്റിയാണ് സാവകാശ ഹര്‍ജി കൊടുക്കുമെന്ന് പറഞ്ഞത്. ഇപ്പോഴാകട്ടെ യുവതീ പ്രവേശത്തെ അനുകൂലിച്ചു കൊണ്ടുള്ള നിലപാടും ബോര്‍ഡ് സ്വീകരിച്ചു. ഇങ്ങനെ അടിക്കടി നിലപാട് മാറ്റി ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ് ദേവസ്വംബോര്‍ഡ് ചെയ്തത്. സംസ്ഥാന സര്‍ക്കാരാകട്ടെ ഭക്തജനങ്ങളുടെ വികാരം പൂര്‍ണ്ണമായി ചവിട്ടി മെതിക്കുന്ന നിലപാടും സ്വീകരിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment