‘ജീവിത പ്രശ്നങ്ങൾ നർമത്തിൽ ചാലിച്ച ചിന്തയിലൂടെ അലിയിച്ചു കളഞ്ഞ വലിയ ഇടയൻ’ ; അനുസ്മരിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, May 5, 2021

 

തിരുവനന്തപുരം :  കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയെ അനുസ്മരിച്ച് രമേശ് ചെന്നിത്തല. ജാതി, മത വേലിക്കെട്ടുകൾക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തിൽ ഇടപെടുകയും അവ പരിഹരിക്കാൻ തന്നാലാവുന്ന വിധം പ്രവർത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞതെന്ന് അദ്ദേഹം അനുസ്മരിച്ചു.

‘വലിയ ജീവിത പ്രശ്നങ്ങൾ പോലും നർമത്തിൽ ചാലിച്ച ചിന്തയിലൂടെ അലിയിച്ചു കളഞ്ഞ വലിയ ഇടയൻ, സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റെയും ഒരുപാട് ഓർമകൾ ലോകത്തിനു സമ്മാനിച്ചാണ് മടങ്ങുന്നത്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വലിയ തിരുമേനിയുടെ വേർപാട് അങ്ങേയറ്റം സങ്കടമുണ്ടാക്കുന്നു. എന്നെ എന്നും സ്നേഹത്തോടെ ചേർത്തുപിടിച്ചു ആവോളം വാത്സല്യം നൽകിയിരുന്നു. ആത്മീയ അനുഭൂതിയും പോസിറ്റീവ് ചിന്തകളും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെ സമ്മാനമാണ്.

ദൈവത്തെ പോലും ചിരിപ്പിക്കുന്ന വലിയ ഇടയൻ മലയാളിയുടെ വരദാനമായിരുന്നു. നർമത്തിന്റെ മേലാട ചാർത്തിയ നുറുങ്ങുകളും കഥകളും, വിഷമങ്ങളെ മറികടക്കാൻ വരും തലമുറകളെയും സഹായിക്കും.’-രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.