തിരുവനന്തപുരം: മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സർക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള നിരവധി പെറ്റീഷനുകളിൽ തീരുമാനമെടുക്കാതെ അതിന്റെ മുകളിൽ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാറെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്പ്രിങ്ക്ളർ, ബ്രൂവറി, പമ്പ മണൽക്കടത്ത്, ബെവ്കോ ആപ്പ് തുടങ്ങി വയിലെല്ലാം തീരുമാനമെടുക്കാതെ സർക്കാരിനെ സഹായിച്ചയാളാണ് അദ്ദേഹം. എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ നിരന്തര പോരാട്ടം കാരണം സർക്കാരിന് ഇവയിൽ നിന്നെല്ലാം പിന്നാക്കം പോകേണ്ടി വന്നു.
സർക്കാരിനെതിരെ തെളിവുകൾ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സർക്കാരിനെ സഹായിക്കുന്ന നിലപാടുകൾ എടുത്തയാളിനെ തന്നെ സുപ്രധാന പദവിയിൽ വച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സർക്കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇദ്ദേഹത്തിന്റെ അടുത്തുനിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്നും നിയമനം സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.