കൊള്ളയ്ക്കും അഴിമതിക്കും കൂട്ടുനില്‍ക്കാതെ വൈദ്യുതിമന്ത്രി നിലപാടില്‍ ഉറച്ചു നില്‍ക്കുമൊയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല

തിരുവനന്തപുരം: മണിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഭിന്നത രൂക്ഷം. കാര്‍ബറൊണ്ടം കമ്പനിക്ക് കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയില്‍ എതിര്‍പ്പുമായി വൈദ്യുതി മന്ത്രി രംഗത്ത് എത്തി. കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി മന്ത്രിയുടെ നിലപാട്. അതേസമയം വൈദ്യുതി മന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും കൊള്ളയ്ക്കും അഴിമതിക്കും കൂട്ടുനില്‍ക്കാതെ മന്ത്രി കൃഷ്ണന്‍കുട്ടി നിലപാടില്‍ ഉറച്ചു നില്‍ക്കുമൊയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ചോദിച്ചു.

വൈദ്യുതി ബോര്‍ഡുമായി 30 വര്‍ഷത്തെ കരാര്‍ പൂര്‍ത്തിയാക്കിയ മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നീക്കം അഴിമതിയാണെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത് ഗൂഢാലോചനയാണെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വൈദ്യുതി മന്ത്രി രംഗത്ത് എത്തി.

മണിയാര്‍ പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്റെ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പിന്റെ നിലപാട് അന്തിമ തീരുമാനം ആയില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കരാര്‍ നീട്ടുന്നതില്‍ വൈദ്യുതി വകുപ്പിനും വ്യവസായ വകുപ്പിനും രണ്ടഭിപ്രായമാണ് എന്ന് കൃത്യമായി തെളിയുന്നതാണ് മന്ത്രിയുടെ വാക്കുകള്‍. മന്ത്രിസഭയിലും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടെന്നും വ്യക്തമാകുന്നു. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ചേര്‍ന്നാണ് തീരുമാനം എടുത്തതെന്നും കരാര്‍ കൊള്ളയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

Comments (0)
Add Comment