7000 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ല; സിപിഎം-ബിജെപി ബന്ധത്തിന് തെളിവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, December 9, 2025

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 7000 സീറ്റുകളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത് സി.പി.എം.-ബി.ജെ.പി. ബന്ധത്തിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

ശബരിമലയിലെ സ്വര്‍ണമോഷണ വിവാദം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ നാളെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.എ.ടി.) മുന്നില്‍ കൈമാറുമെന്ന് ചെന്നിത്തല വ്യക്തമാക്കി. ശബരിമലയില്‍ നിന്ന് മോഷണം പോയ വസ്തുക്കള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റഴിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങള്‍ നല്‍കിയത് ഇക്കാര്യത്തെക്കുറിച്ച് അറിവുള്ള ഒരു വ്യവസായിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസിലെ വിധി സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കേസില്‍ എല്ലാ കാലത്തും അതിജീവിതയ്ക്ക് ഒപ്പമാണ് കോണ്‍ഗ്രസ് നിലകൊണ്ടിട്ടുള്ളതെന്നും, ഇരയ്‌ക്കൊപ്പമാണ് പാര്‍ട്ടിയെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കോടതി വിധി വായിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും, നിലവില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. അടൂര്‍ പ്രകാശിന്റെ വ്യക്തിപരമായ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും, എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.