രാമചന്ദ്രന് നാട് വിടചൊല്ലി ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Jaihind News Bureau
Friday, April 25, 2025

കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന് കണ്ണീരോടെ യാത്രാമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഇടപ്പള്ളി ശ്മശാനത്തില്‍ സംസ്‌കാരം നടന്നത് . കൊച്ചി ചങ്ങന്പുഴ പാര്‍ക്കില്‍ ഗവര്‍ണറും മന്ത്രിമാരും അടക്കം നൂറുകണക്കിന് പേര്‍ ആദരം അര്‍പ്പിച്ചു. ഭീകരതയുടെ വെടിയുണ്ടയ്ക്കുമുന്നില്‍ കീഴടങ്ങേണ്ടി വന്ന ആ ജീവിതത്തിന് ആയിരങ്ങള്‍ അനുശോചനം നേര്‍ന്നു.

പഹല്‍ഗാമിലെ ഭീകരാക്രമണം മനുഷ്യവംശത്തിനു നേരെ ഉള്ള ആക്രമണമാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പ്രതികരിച്ചു.ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, തുടങ്ങിയവര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. രാവിലെ ഏഴുമണിമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പൊതുദര്‍ശനത്തില്‍ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പത്തരയോടെ മങ്ങാട്ടുറോഡിലെ വസതിയിലെത്തിച്ചപ്പോഴും മൃതദേഹം ഒരു നോക്കു കാണാന്‍ ഒട്ടേറെ പേര്‍ എത്തി. ശ്മശാനത്തിലേയ്ക്കുള്ള അന്ത്യയാത്രയിലും വഴിയരികില്‍ നൂറുകണക്കിനുപേര്‍ രാമചന്ദ്രന് വിടനല്‍കാന്‍ കാത്തുനിന്നു.

പേരക്കുട്ടികളുടെ അവധിക്കാലം ആഘോഷിക്കാനാണ് ഭാര്യ ഷീലക്കും മകള്‍ ആരതിക്കും പേരക്കുട്ടികള്‍ക്കുമൊപ്പം രാമചന്ദ്രന്‍ കശ്മീരിലേക്ക് പോയത്. കശ്മീരില്‍ ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നില്‍വെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ആക്രമണത്തില്‍ രാമചന്ദ്രന്‍ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.