‘കൊറോണയെ ശ്രീരാമന്‍ നോക്കിക്കോളും’ ; രാമ നവമി മേള ഉപേക്ഷിക്കില്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : കോവിഡ്-19 വൈറസ് ബാധ  രാജ്യത്ത് കടുത്ത ഭീഷണി ഉയർത്തുന്നതിനിടെ അയോധ്യ രാമനവമി മേള ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സർക്കാർ. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മേള ഒഴിവാക്കണമെന്ന് എല്ലാ കോണുകളില്‍ നിന്നും ആവശ്യമുയർന്നിട്ടും മേളയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് അയോധ്യ രാമ നവമി മേള നടക്കുന്നത്. വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാതെ രാമന്‍ നോക്കിക്കോളുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രതികരണം. മേള സുരക്ഷിതമായിരിക്കാന്‍ യജ്ഞങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വരുന്ന മേള അതിപ്രാധാന്യം ഉള്ളതാണെന്നാണ് യോഗി സർക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ യോഗി സർക്കാര്‍ നിലപാട് ആത്മഹത്യാപരമാണെന്ന് ആരോഗ്യരംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി അയോധ്യ ചീഫ് മെഡിക്കല്‍ ഓഫീസർ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.  മേള നടത്തരുത് എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചു. എന്നാല്‍ ഇതിനെ തള്ളുകയാണ് യോഗി ആദിത്യനാഥ് ചെയ്തത്. കോവിഡ് ഭീഷണി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടെയാണ് ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന മേളയുമായി മുന്നോട്ടു പോകാനുള്ള സർക്കാര്‍ തീരുമാനം. നിലവിലെ ഗുരുതര സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന കര്‍ശന നിയന്ത്രണം നിലവിലുള്ളപ്പോള്‍ ഇത്തരത്തില്‍ വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍.

Comments (0)
Add Comment