വിലക്കയറ്റം : പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് റാലി സംഘടിപ്പിക്കും

Tuesday, November 23, 2021

ന്യൂഡൽഹി : വിലക്കയറ്റത്തിനും ഇന്ധനവിലവർധനയ്ക്കുമെതിരെ മെഗാറാലി സംഘടിപ്പിക്കാൻ പ്രിയങ്ക ഗാന്ധി. പാർലമെന്‍റ്  ശീതകാല സമ്മേളനം ആരംഭിക്കുന്ന ഡിസംബർ ആദ്യ ആഴ്ചയിലാണ് ഡൽഹിയിൽ റാലി നടത്തുക. 2019ന് ശേഷം പ്രിയങ്ക സംഘടിപ്പിക്കുന്ന ഏറ്റവും വലിയ റാലിയായിരിക്കും ഇത്. ജന ജാഗരൺ അഭിയാൻ എന്ന പേരിൽ രണ്ട് ആഴ്ച സമര പരിപാടികൾ സംഘടിപ്പിക്കും. റാലി നടത്താൻ രാംലീല മൈതാനം ആവശ്യപ്പെട്ടെങ്കിലും സർക്കാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.

റാലി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിയങ്ക പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, പാർട്ടി ജനറൽ സെക്രട്ടറി കെ.സി.‌വേണുഗോപാൽ, സച്ചിൻ പൈലറ്റ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കാ ഗാന്ധി മെഗാ റാലി സംഘടിപ്പിക്കുന്നത്.