വഖഫ് ബില്‍ രാജ്യസഭയും പാസ്സാക്കി; പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ തള്ളി

Jaihind News Bureau
Friday, April 4, 2025

വഖഫ് (ഭേദഗതി)ബില്‍ രാജ്യസഭ പാസ്സാക്കി. Unified Waqf Management Empowerment, Efficiency and Development (UMEED) Act എന്നായിരിക്കും ഈ നിയമം അറിയപ്പെടുക. പ്രതിപക്ഷത്തിന്റെ കടുത്തഎതിര്‍പ്പിനെ മറികടന്നാണ് രാജ്യസഭയിലും ബില്‍ പാസ്സാക്കപ്പെട്ടത്. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും തുടര്‍ന്ന് നടന്ന വോട്ടെടുപ്പിനും പിന്നാലെയാണ് വഖഫ് ഭേദഗതി നിയമമായത്. പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.  ഇന്നു പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണു ശേഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ പിന്നീട് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടിരുന്നു. അതിനു ശേഷം മന്ത്രിസഭ അംഗീകാരം നല്‍കിയബില്‍ ലോക്‌സഭയില്‍ മാര്‍ച്ച് 3ന് അവതരിപ്പിക്കപ്പെട്ടു. പതിമൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ലോക്‌സഭ 288-232 വോട്ടുകള്‍ക്ക് ബില്‍ പാസാക്കി. ഇതിനെ തുടര്‍ന്നാണ് രാജ്യസഭയില്‍ ബില്‍ എത്തിയത്. ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചയ്ക്കൊടുവിൽ ലോക്സഭ പാസാക്കിയ ബിൽ കേന്ദ്ര സർക്കാർ ഇന്നലെത്തന്നെ രാജ്യസഭയിലും അവതരിപ്പിക്കുകയായിരുന്നു

വഖഫിന്റെ പേരില്‍ 2004ല്‍ 4.9 ലക്ഷം സ്വത്തുക്കള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് 8.72 ലക്ഷമായി വര്‍ദ്ധിച്ചുവെന്നും ന്യൂനപക്ഷമന്ത്രി കിരണ്‍ റിജിജു സഭയെ അറിയിച്ചു. നിയമനിര്‍മ്മാണത്തിന് മതവുമായി യാതൊരു ബന്ധവുമില്ലെന്നും, സ്വത്തുക്കളുമായി മാത്രമേ ബന്ധമുള്ളൂവെന്നും പറഞ്ഞു.
വഖഫ് ബോര്‍ഡില്‍ എല്ലാ മുസ്ലീം വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് റിജിജു പറഞ്ഞു.

ബില്‍ അവതരണത്തിലൂടെ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് ബില്ലിനെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് എംപി സയ്യിദ് നസീര്‍ ഹുസൈന്‍ പറഞ്ഞു. നിങ്ങള്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നു, എന്നിട്ട് ഞങ്ങള്‍ ധ്രുവീകരണം നടത്തുന്നതായി നിങ്ങള്‍ പ്രചരിപ്പിക്കുന്നു. പൂര്‍ണ്ണമായ വ്യാജത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബില്‍. കഴിഞ്ഞ 6 മാസമായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ബിജെപിയുടെ വ്യാജ ഫാക്ടറി പ്രവര്‍ത്തിക്കുന്നാതായും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കലാപത്തിന് പ്രേരിപ്പിക്കുകയും വോട്ട് ബാങ്ക് ഉണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും സയ്യിദ് നസീര്‍ ഹുസൈന്‍ കുറ്റപ്പെടുത്തി. രാജ്യസഭയില്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട ഹുസൈന്‍, ബില്‍ പരിശോധിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ ശുപാര്‍ശകളൊന്നും അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. രണ്ടാംതരം പൗരന്മാരായി മുസ്ലീങ്ങളെ കണക്കാക്കാനാണ് ബില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വഖഫ് ഭേദഗതി ബില്ലിനോടുള്ള പ്രതിഷേധസൂചകമായി ഡിഎംകെ നേതാക്കള്‍ പാര്‍ലമെന്റ് വളപ്പില്‍ കറുത്ത ഷര്‍ട്ട് ധരിച്ചാണെത്തിയത്. വഖഫ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധവും ആര്‍ട്ടിക്കിള്‍ 14-ന് എതിരുമാണെന്ന് ടിഎംസി എംപി നദിമുല്‍ ഹഖ് പറഞ്ഞു. കുറഞ്ഞത് 5 വര്‍ഷമെങ്കിലും ഇസ്ലാം ആചരിച്ചതിന് ശേഷം മാത്രമേ ഒരാള്‍ക്ക് വഖഫ് ചെയ്യാന്‍ കഴിയൂ എന്ന വ്യവസ്ഥ ഈ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ, ഒരാള്‍ മുസ്ലീമാണെന്ന് ആരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്? അദ്ദേഹം ചോദിച്ചു. ഇത് ഭരണഘടനാ വിരുദ്ധവും ആര്‍ട്ടിക്കിള്‍ 14-ന് എതിരുമാണ് , അദ്ദേഹം പറഞ്ഞു.

വഖഫ് ബില്ലിലൂടെ രാജ്യത്ത് സംഘര്‍ഷത്തിന് ബിജെപി ശ്രമിക്കുന്നതായി രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ഖാര്‍ഗെ ആരോപിച്ചു. ബില്‍ പിന്‍വലിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വഖഫ് ബില്‍ ന്യൂനപക്ഷങ്ങളെ ‘പീഡിപ്പിക്കാന്‍’ ഉദ്ദേശിച്ചുള്ളതാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 1995 ലെ നിയമം ബിജെപി അംഗീകരിച്ചിരുന്നുവെന്നും ആളുകളെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വ്യവസ്ഥകളുള്ള ഭേദഗതികള്‍ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതി ബില്ലില്‍ അംഗീകരിക്കേണ്ടതായി ഒന്നുമില്ല. രാജ്യത്തെ ജനങ്ങള്‍ അതിനെ എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബില്ലിലെ ചില വ്യവസ്ഥകളെയും ഖാര്‍ഗെ എതിര്‍ത്തു. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് വഖഫ് അംഗത്വം നല്‍കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ല.
രാമമന്ദിര്‍ ട്രസ്റ്റ്, തിരുപ്പതി ക്ഷേത്ര ട്രസ്റ്റ് തുടങ്ങിയ ഹിന്ദു ട്രസ്റ്റുകളില്‍ മുസ്ലീങ്ങള്‍ക്ക് അംഗത്വം അനുവദിക്കുന്നില്ല. ഹിന്ദു ട്രസ്റ്റുകള്‍ സ്വന്തം വിശ്വാസത്തില്‍ ഉളളവര്‍ക്കു മാത്രം അംഗത്വം പരിമിതപ്പെടുത്തിയിരിക്കന്നു. അങ്ങനെയെങ്കില്‍ മറ്റ് മതങ്ങളില്‍ നിന്നുള്ള അംഗങ്ങളെ വഖഫ് ബോര്‍ഡ് എന്തിന് അനുവദിക്കണമെന്നും അദ്ദേഹം ചോദിച്ചു. ഇത് വളരെ ഏകപക്ഷീയമായ ബില്ലാണെന്ന് കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിംഗ്വിയും പറഞ്ഞു