ബംഗളുരു: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മൂന്നു സ്ഥാനാർത്ഥികളും വിജയിച്ചു. ബിജെപിയുടെ അട്ടിമറിനീക്കം പാളി. അജയ് മാക്കന്‍ (47 വോട്ട്), ഡോ. സയിദ് നസീർ ഹുസൈന്‍ (46 വോട്ട്), ജി.സി. ചന്ദ്രശേഖർ (46 വോട്ട്)എന്നിവരാണ് ജയിച്ചത്. അതേസമയം ഹിമാചലില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ ഹർഷ് മഹാജൻ രാജ്യസഭയിലേക്ക് വിജയിച്ചു. മനു അഭിഷേക് സിങ്‍വിയായിരുന്നു കോൺഗ്രസ് സ്ഥാനാര്‍ത്ഥി. ഇരു സ്ഥാനാർത്ഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് ഹർഷിനെ വിജയിയായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു ആരോപിച്ചു. ആറു കോൺഗ്രസ് എംഎൽഎമാരെയും മൂന്നു സ്വതന്ത്ര എംഎൽഎമാരെയും സിആർപിഎഫ് ഹരിയാനയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ്–ബിജെപി നേതാക്കൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
‘‘വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ പ്രതിപക്ഷ നേതാക്കൾ പോളിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തിയ രീതി ഒരിക്കലും ജനാധിപത്യത്തിന് ചേർന്നതല്ല. കുറെ നേരത്തേക്ക് വോട്ടെണ്ണൽ നിർത്തിവെച്ചു. ജനങ്ങൾക്കുമേൽ ഇത്ര സമ്മർദം കൊടുക്കരുതെന്ന് ഹിമാചലിലെ ബിജെപി നേതാക്കളോട് ആവശ്യപ്പെടുകയാണ്. സിആർപിഎഫും ഹരിയാന പൊലീസും ചേർന്ന് 5–6 കോൺഗ്രസ് എംഎൽഎമാരെ കടത്തിക്കൊണ്ടു പോയി. എംഎൽഎമാർ എത്രയും പെട്ടെന്ന് അവരുടെ കുടുംബത്തെ ബന്ധപ്പെടണമെന്നും പരിഭ്രമിക്കാൻ ഒന്നുമില്ലെന്നും അറിയിക്കുകയാണ്’’– സുഖ്‍വിന്ദർ സിംഗ് സുഖു പറഞ്ഞു.
68 അംഗ ഹിമാചൽ നിയമസഭയിൽ 40 എഎൽഎമാരാണ് കോൺഗ്രസിനുള്ളത്. നിലവിൽ ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്. ഇതോടെ അട്ടിമറിയിലൂടെ ഹിമാചല്‍ പ്രദേശിലെ ഭരണവും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ബിജെപി. അവിശ്വാസ പ്രമേയത്തിന് ബിജെപി നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.