അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നടൻ രജനീകാന്തിന്റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. മക്കൾ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റർ ചെയ്തത്. പാർട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും. ചിഹ്നവും പേരും തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.
മക്കൾ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമാണ് പാർട്ടിക്കായി രജനികാന്ത് നേരത്തെ പരിഗണിച്ചിരുന്നത്. എന്നാൽ പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ ചിഹ്നമായി ലഭിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. അതേസമയം, പാർട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച് രജനീകാന്തോ, പാർട്ടി ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, ഞങ്ങൾ തീർച്ചയായും വിജയിക്കുകയും ഒരു മതത്തിനും ജാതിക്കും യാതൊരു വ്യത്യാസവുമില്ലാതെ സത്യസന്ധവും സുതാര്യവും അഴിമതി രഹിതവും ആത്മീയവുമായ രാഷ്ട്രീയം നൽകുകയും ചെയ്യുമെന്ന് നേരത്തെ രജനികാന്ത് പറഞ്ഞിരുന്നു. തമിഴ്നാട്ടിൽ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും രജനികാന്ത് വ്യക്തമാക്കിയിട്ടുണ്ട്. രജനീകാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരുത്തുമെന്നതിൽ യാതൊരു സംശയവും ഇല്ല.