എതിരാളികളെ ബഹുദൂരം പിന്നിലാക്കി കാസറഗോഡ് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രചാരണം

 

കാസർഗോഡ്: എതിരാളികളെ അതിവേഗം ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് കാസറഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. സപ്തഭാഷാ സംഗമഭൂമിയിലെ വോട്ടർമാർക്കിടയിൽ വൻ സ്വീകാര്യതയാണ് രാജ്മോഹൻ ഉണ്ണിത്താന് ലഭിക്കുന്നത്.

കാസറഗോഡ് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്‍റെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. ഇടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജിയുടെ അനുഗ്രഹം തേടിയതിന് ശേഷമാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. കാസറഗോഡ് നിയോജകമണ്ഡലം പര്യടനം എടനീരിൽ സി.ടി. അഹമ്മദ്ലി ഉദ്ഘാടനം ചെയ്തു. വൻ ജനാവലിയാണ് രാജ്‌മോഹൻ ഉണ്ണിത്താനെ ഓരോ സ്വീകരണ കേന്ദ്രത്തിലും വരവേറ്റത്.

പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചും അവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. എംപിയുടെ ആസ്തിവികസന ഫണ്ട്‌ പൂർണ്ണമായി വിനിയോഗിച്ചതും മുൻ എംപിക്ക് ചിലവഴിക്കാൻ സാധിക്കാതെ പോയ 2.5 കോടി രൂപ വികസനത്തിന് ഉപയോഗിച്ചതും കാസർഗോഡിന് വേണ്ടി പാർലമെന്‍റിൽ സംസാരിച്ചതും അക്കമിട്ട് നിരത്തിയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഓരോ സ്വീകരണ കേന്ദ്രത്തിലും വോട്ടഭ്യർത്ഥിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷക്കാലം എംപി എന്ന നിലയിൽ കാസറഗോഡ് മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങൾക്ക് മുന്നിൽ രാജ്മോഹൻ ഉണ്ണിത്താൻ അവതരിപ്പിക്കുന്നുണ്ട്. ചെങ്കള, കാറഡുക്ക, വെള്ളൂർ, കുമ്പടാജേ, ബദിയടുക്ക, മധൂർ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി പട്ട്ളയിൽ സമാപിച്ചു.

Comments (0)
Add Comment