പെരിയ ഇരട്ടക്കൊലപാതകം പാർലമെന്‍റിൽ; സി പി എം ആക്രമണത്തിൽ കൊല്ലപ്പെട്ട കൃപേഷിനും ശരത് ലാലിനും നീതി തേടി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

Jaihind News Bureau
Saturday, September 19, 2020

കല്ല്യോട്ട് സി പി എം ആക്രമണത്തിൽ  കൊല്ലപ്പെട്ട കൃപേഷിനും ശരത് ലാലിനും നീതി തേടി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പാർലമെന്‍റിൽ. സി പി എം പാർട്ടിയുടെ ഉന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ  നടന്ന കൊലപാതകമായിരുന്നു ഇത്. യഥാർത്ഥ പ്രതികൾക്കു രക്ഷപെടാൻ അവസരമൊരുക്കികൊണ്ട്, ഡമ്മി പ്രതികളെ വെച്ചാണ് പൊലീസ് കുറ്റപത്രം സൃഷ്ടിച്ചത്. ഈ കുറ്റപത്രം റദ്ദ് ചെയ്യണമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും  മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. കൊലപാതകം, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും അതിനു പിന്നിൽ സി.പി.എം നേതൃത്വത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കണ്ടെത്തിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് , കേസ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലീസിന്‍റെ കുറ്റപത്രം, ഡമ്മി പ്രതികളുടെ മൊഴിയെ വേദവാക്യമായി പരിഗണിച്ചു തയ്യാറാക്കിയതും അവരെ വിചാരണസമയത്ത് രക്ഷപെടാൻ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ് എന്നാണ് കോടതി നിരീക്ഷിച്ചത്.

എന്നാൽ സി.ബി.ഐ ക്ക് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാൻ ക്രൈംബ്രാഞ്ച് ഹൈക്കോടതി വിധി വന്ന് ഒൻപത് മാസം കഴിഞ്ഞിട്ടും തയാറായില്ല. ഇതിനിടെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരേ സംസ്ഥാന ഖജനാവിൽ നിന്ന് 88 ലക്ഷം രൂപ ചെലവഴിച്ച് ഡൽഹിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ, പ്രതിപക്ഷ നേതാവിനെ രേഖാമൂലം അറിയിച്ചതാണ്. ഡിവിഷൻ ബെഞ്ച്, ഓഗസ്റ്റ് 24 നു, സിംഗിൾ ബെഞ്ച് വിധി ശരിവെച്ചു. ഇപ്പോഴും സംസ്ഥാന സർക്കാർ കേസ് ഡയറി സി.ബി.ഐ ക്ക് കൈമാറില്ല എന്ന മർക്കടമുഷ്ടി തുടരുകയാണ്.

ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് കേസ് ഡയറിയും അനുബന്ധ രേഖകളും സി.ബി.ഐക്ക് കൈമാറാൻ  സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും നിഷ്കളങ്കരായ രണ്ടു യുവാക്കളുടെ ആത്മാവിന് നീതി നൽകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി ലോകസഭയിൽ ആവശ്യപ്പെട്ടു.