കാസര്‍ഗോഡിന്‍റെ റെയില്‍വേ ആവശ്യങ്ങള്‍ ലോക്സഭയില്‍ അക്കമിട്ട് നിരത്തി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി | VIDEO

Jaihind Webdesk
Tuesday, March 15, 2022

 

ന്യൂഡല്‍ഹി: കേരളം ഉൾപ്പെടുന്ന ദക്ഷിണ റയിൽവേയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. റെയില്‍വേയുമായി ബന്ധപ്പെട്ട കാസര്‍ഗോഡിന്‍റെ ആവശ്യങ്ങള്‍ അദ്ദേഹം ലോക്സഭയില്‍ ഉന്നയിച്ചു. ഇന്ത്യൻ റെയിൽവേയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാക്കാന്‍ പ്രത്യേക റെയിൽ ബജറ്റ് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രത്യേക റെയിൽവേ ബജറ്റുള്ള ഒരേയൊരു രാജ്യം ഇന്ത്യ ആയിരുന്നു. 2017 ൽ അരുൺ ജെയ്റ്റ്ലി സംയോജിത യൂണിയൻ ബജറ്റ് അവതരിപ്പിച്ചതോടെയാണ് ഇത് നിര്‍ത്തലാക്കപ്പെട്ടത്. ഇത് പുനഃരാരംഭിക്കണമെന്ന് അദ്ദേഹം  ആവശ്യപ്പെട്ടു. കാസർഗോഡിന്‍റെ റെയില്‍വേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹം ലോക്സഭയില്‍ അവതരിപ്പിച്ചു.  വടക്കന്‍ കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്കും മൈസൂറിലേക്കുമുള്ള യാത്രാദൈര്‍ഘ്യം 6 മണിക്കൂറായി ചുരുക്കുന്ന  നിർദിഷ്ട കാഞ്ഞങ്ങാട്-കണിയൂർ റെയില്‍ പാത എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാത യാഥാര്‍ത്ഥ്യമായാല്‍ തലകാവേരിയെ ബന്ധിപ്പിച്ചുള്ള വിനോദസഞ്ചാര മേഖലയ്ക്കും ഇത് ഉണര്‍വേകുമെന്ന് എം.പി ചൂണ്ടിക്കാട്ടി.

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 400 വന്ദേഭാരത് ട്രെയിനുകളില്‍ 10 എണ്ണം കേരളത്തിന് അനുവദിക്കണം. കുംബ്ള റെയില്‍‌വേസ്റ്റേഷനോടനുബന്ധിച്ചുള്ള ഭൂമിയില്‍ സാറ്റലൈറ്റ് ടെര്‍മിനല്‍ നിര്‍മിച്ചാല്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന പല ട്രെയിനുകളും മാംഗ്ലൂര്‍ വരെ നീട്ടാനാകും. യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  കൊട്ടികുളം സ്റ്റേഷനില്‍ ഓവര്‍ബ്രിഡ്ജ് നിര്‍മാണം കഴിയുന്നതും വേഗം ആരംഭിക്കണം. കാസര്‍ഗോഡ് പാര്‍ലമെന്‍റ് മണ്ഡലത്തിലെ 16 സ്റ്റേഷനുകളുടെയും ആവശ്യങ്ങളും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ലോക്സഭയില്‍ അക്കമിട്ട് നിരത്തി.

 

https://www.youtube.com/watch?v=osvZUIV9_Ao