സർക്കാരിന്‍റേത് പ്രവാസികളെ വഞ്ചിക്കുന്ന നിലപാടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; സർക്കാർ അനാസ്ഥക്കെതിരെ ഉപവാസ സമരവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി | Video

Jaihind News Bureau
Wednesday, June 17, 2020

കാസർഗോഡ് : പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്‍റെ കടുത്ത അനാസ്ഥക്കെതിരെ 12 മണിക്കൂർ ഉപവാസ സമരവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാസർഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഒപ്പുമരച്ചുവട്ടിലെ സമരം കെ.പി. സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു.

പ്രവാസികളോടും ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളോടും സംസ്ഥാന സർക്കാർ കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴ് വരെ കൊവിഡ് പ്രൊട്ടോക്കോൾ അനുസരിച്ചാണ് ഉപവാസം നടത്തുന്നത്. പ്രവാസികളുടെ വിഷയത്തിൽ വാക്കുകൾ മാറ്റി പറയുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിദേശത്തു നിന്നും വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടി ഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കണമെന്നും പ്രവാസികളെ വഞ്ചിക്കുകയാണ് പിണറായി ചെയ്യുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വിദേശത്ത് നിന്നും വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാര്‍ നടപടി സംസ്ഥാന സർക്കാർ പിന്‍വലിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ആവശ്യപ്പെട്ടു.  കോണ്‍ഗ്രസ് പ്രവാസികള്‍ക്കൊപ്പമുണ്ട് എന്ന ഉറപ്പ് നല്‍കിയാണ് 12 മണിക്കൂർ ഉപവാസ സമരം.

 

https://www.facebook.com/JaihindNewsChannel/videos/686599895221437/