റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി; 24 മണിക്കൂര്‍ ഉപവാസസമരത്തില്‍

ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെയുള്ള രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരം കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു. കാസർഗോഡ് തലപ്പാടി, നീലേശ്വരം കാലിക്കടവ് നാഷണൽ ഹൈവേയുടെ തകർച്ചയ്ക്ക് പരിഹാരം കാണാത്ത കേന്ദ്ര ഗവൺമെന്‍റിന്‍റെയും നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ ഉപവാസസമരം നടത്തുന്നത്.

രാവിലെ ഒമ്പത് മണിയ്ക്ക് ആരംഭിച്ച സമരം നാളെ രാവിലെ ഒമ്പത് മണി വരെയാണ്. കാസർഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമരം. നാളെ രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇതൊരു സൂചനാ സമരം മാത്രമാണെന്നും അധികൃതർ കണ്ണുതുറക്കാൻ തയാറായില്ലെങ്കിൽ കാസർഗോട്ടെ ജനങ്ങൾക്കുവേണ്ടി മരണം വരെ സമരം നടത്തുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷമായി നാഷണൽ ഹൈവേ ടാർ ചെയ്യാത്തത് കൊണ്ടാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. റോഡിലെ കുഴിയിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും അനേകം പേർ മരണപ്പെടുകയും ചെയ്തു. കാലിക്കടവിന് സമീപം ബൈക്ക് യാത്രികന്‍ കുഴിയില്‍ വീണ് മരിച്ചത് അടുത്തിടെയാണ്. ഇതുവഴി രോഗികളുമായി മംഗലുരുവിലേക്ക് ആംബുലൻസ് പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്.

Comments (0)
Add Comment