നടന്നത് ക്രൂരപീഡനം, രാജ്കുമാറിന്റെ ശരീരം നീരുവച്ച് 8 കിലോ ഭാരം കൂടി : അന്വേഷണ റിപ്പോര്‍ട്ട്

Jaihind Webdesk
Thursday, June 3, 2021

തിരുവനന്തപുരം : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ ക്രൂരപീഡനത്തിനിരയായെന്ന് അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട്.  നീരുവച്ച് ശരീരഭാരം 8 കിലോ കൂടിയെന്നും റിപ്പോര്‍ട്ട്. ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വീഴ്ചകളുണ്ടായതിനെത്തുടർന്നു രണ്ടാമത് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് 85 കിലോയായിരുന്നു ശരീരഭാരം. ആദ്യ പോസ്റ്റുമോർട്ടം നടക്കുമ്പോൾ 93 കിലോയും. ക്രൂരമായ മർദനത്തെത്തുടർന്ന് 6 ദിവസത്തിനിടയിലാണ് നീരുവച്ച് ശരീര ഭാരം 8 കിലോ കൂടിയത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്കെതിരെ രൂക്ഷ വിമർശനമാണ് കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പിന്റെ റിപ്പോർട്ടിലുള്ളത്.

മർദനത്തിൽ ആന്തരികാവയവങ്ങൾ ഞെരിഞ്ഞമർന്നു. കിഡ്നി നീരുവന്ന് വീർത്തു. ഹൃദയത്തിന്റെ പ്രവർത്തനത്തിനു തകരാറുണ്ടായി. രാജ്‌കുമാറിന്റെ ശരീരത്തിൽ പുറമേ കാണാവുന്ന 21 മുറിവുകളുണ്ടായിട്ടും അതൊന്നും ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചില്ല. 2019 ജൂൺ 22നാണ് ആദ്യ പോസ്റ്റുമോർട്ടം നടന്നത്. കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറും മെഡിക്കൽ ഓഫിസറുമാണ് പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടം നടത്തിയവർ ഉദാസീനമായാണ് കാര്യങ്ങളെ കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ മാർഗനിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. മരണ കാരണം ന്യുമോണിയ ആണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാജ്‌കുമാറിനു മൂർച്ചയേറിയ വസ്തുക്കള്‍ കൊണ്ടുണ്ടായ പരുക്കുകൾ സംഭവിച്ചതിനെക്കുറിച്ച് റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. ഈ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളിയാണ് 38 ദിവസത്തിനുശേഷം വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ കമ്മീഷൻ നിർദേശിച്ചത്.

അതേസമയം രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ 5 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പിരിച്ചുവിടാനും പ്രോസിക്യൂട്ട് ചെയ്യാനും ഉത്തരവിട്ടു. കസ്റ്റഡിമരണത്തിനു കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311(2) പ്രകാരം പിരിച്ചുവിടാൻ ഫെബ്രുവരിയിൽത്തന്നെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഇതു സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തിയ ജസ്റ്റിസ് (റിട്ട) കെ.നാരായണക്കുറുപ്പ് കമ്മിഷൻ റിപ്പോർട്ട് സഭയിൽ വച്ചിരുന്നു. അതിലെ ശുപാർശകളിൽ സർക്കാർ സ്വീകരിച്ച നടപടി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളെ സർവീസിൽ നിന്നു പിരിച്ചുവിടാൻ സംസ്ഥാന പൊലീസ് മേധാവിക്കാണു സർക്കാർ നിർദേശം നൽകിയത്. എസ്ഐ കെ.എ.സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, കോൺസ്റ്റബിൾ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജയിംസ് എന്നിവരെ പിരിച്ചുവിടാനാണ് ഉത്തരവ്.

വനിതാ കോൺസ്റ്റബിൾമാരായ ഗീതു ഗോപിനാഥ്, ടി. അമ്പിളി, രജനി, അഞ്ജു എന്നിവർക്കും കോൺസ്റ്റബിൾ സന്തോഷിനുമെതിരെ പിഴ ചുമത്തി വകുപ്പുതല നടപടിയെടുക്കാനും ഫെബ്രുവരി 17ന്റെ ഉത്തരവിൽ ആഭ്യന്തര വകുപ്പ് നിർദേശിച്ചു.