രാജീവ് സ്മരണയില്‍ രാജ്യം… ഇന്ന് രാജീവ് ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വദിനം

Saturday, May 21, 2022

ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വദിനം. 1991 മെയ് 21 ന് ശ്രീപെരുമ്പുദൂറിൽ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.

ചരിത്രത്തിൽ ഒത്തിരി അടയാളങ്ങൾ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ഇന്ദിരാഗാന്ദിയുടെ മരണ ശേഷം നാൽപ്പതാമത്തെ വയസിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. ഇന്ത്യയിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ്ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെന്‍റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. 491 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസിന് 404 സീറ്റുകൾ നേടാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു.

വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും ഇന്ത്യയിൽ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു. ഇരുപത്തൊന്ന് ആയിരുന്ന വോട്ടവകാശം 18 ആക്കിയതും അധികാര വികേന്ദ്രീകരണത്തിന്‍റെ പുതിയ വാതായനങ്ങൾ തുറന്ന് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തിരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ്ഗാന്ധിയുടെ സംഭാവനകളാണ്. ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ രാജീവ് ഗാന്ധി 1991 ലെ പൊതു തെഞെടുപ്പിൽ ശ്രീപെരുമ്പുദൂരിൽ വെച്ച് എൽടിടി തീവ്രവാദികളാൽ വധിക്കപ്പെട്ടപ്പോൾ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു.

ഇന്നും ഇന്ത്യൻ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓർക്കുന്നത്. അദ്ദേഹത്തിന്‍റെ സ്മാരകത്തിൽ കൊത്തിവച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ് ‘എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുൻനിരയിൽ, മാനവ സമൂഹത്തിന്‍റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം.’  ശക്തവും സ്വതന്ത്രവുമായ ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ ഈ നേതാവിന്‍റെ ഓർമ്മകൾക്ക് മുന്നിൽ ഇന്ത്യൻ ജനതയുടെ പ്രണാമം.