വന്‍ ഭൂരിപക്ഷം കിട്ടിയിട്ടും രാജീവ് ഗാന്ധി രാജ്യത്ത് ഭയാന്തരീക്ഷം സൃഷ്ടിച്ചിട്ടില്ല; വിഭജനരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരെയും ഇന്ത്യയെന്ന ആശയത്തെ മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെതിരെയും പാര്‍ട്ടി പോരാട്ടം തുടരും – സോണിയാ ഗാന്ധി

Jaihind Webdesk
Thursday, August 22, 2019

ന്യൂദല്‍ഹി: രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഭരണ മികവ് ചൂണ്ടിക്കാട്ടി മോദിസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചിട്ടും രാജ്യത്ത് ഭയാന്തരീക്ഷം സൃഷ്ടിക്കാനോ ജനങ്ങളുടെ സ്വാതന്ത്ര്യം തകര്‍ക്കുവാനോ അദ്ദേഹം ശ്രമിച്ചില്ലെന്ന് സോണിയ പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വാര്‍ഷിക ദിന ചടങ്ങിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ആണ് എ ഐ സി സി രൂപം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വി സാധാരണം ആണ്. രാജ്യത്തെ മൂല്യങ്ങള്‍ ഇല്ലാതാക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരണം. അധികാരം കൈയ്യില്‍ ഉണ്ടായിരുന്ന കാലത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനോ വ്യക്തിസ്വാതന്ത്ര്യം നശിപ്പിക്കാനോ അധികാരം രാജീവ് ഗാന്നി ഉപയോഗിച്ചില്ല എന്നും സോണിയ ഗാന്ധി രാജ്യത്തെ ഓര്‍മ്മിപ്പിച്ചു.
‘1984-ലാണ് രാജീവ് ഗാന്ധി അധികാരത്തിലേറിയത്. പക്ഷേ അദ്ദേഹം ആ അധികാരം രാജ്യത്ത് ഭയാന്തരീക്ഷം സൃഷ്ടിക്കാനോ ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും തകര്‍ക്കാന്‍ ഉപയോഗിച്ചിട്ടില്ല. ജനാധിപത്യ തത്വങ്ങള്‍ അപകടത്തിലാക്കാന്‍ അദ്ദേഹം അധികാരം ഉപയോഗിച്ചില്ല.’- സോണിയഗാന്ധി പറഞ്ഞു. ഈ മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കോണ്‍ഗ്രസ് എഴുന്നേറ്റു നിന്ന് എതിര്‍ക്കണമെന്ന് സോണിയ ആഹ്വാനം ചെയ്തു.

വിഭജനരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരെയും ഇന്ത്യയെന്ന ആശയത്തെ മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെതിരെയും പാര്‍ട്ടി പോരാട്ടം തുടരണമെന്നും അവര്‍ പറഞ്ഞു. ‘ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ രാജീവ് ഗാന്ധി, ഐക്യമെന്ന ആശയം രാജ്യത്തിന്റെ വൈവിധ്യം ആഘോഷിക്കുന്നതിലൂടെയേ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയൂവെന്ന സന്ദേശമാണു നല്‍കിയത്.

പ്രധാനമന്ത്രിയായിരിക്കെ രാജീവ് ചെയ്ത കാര്യങ്ങള്‍ ചെയ്യാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികം അദ്ദേഹത്തെ പ്രചോദിപ്പിച്ച ആ മൂല്യങ്ങള്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍ക്കെതിരെ ഒന്നിച്ചുനിന്ന് എതിരിടാനുള്ള സന്ദര്‍ഭം കൂടിയാണ്. ശക്തമായ ഭീഷണികളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത്. പക്ഷേ പാര്‍ട്ടി വിഭജനരാഷ്ട്രീയം പേറുന്നവര്‍ക്കെതിരെ നടത്തുന്ന ആശയപോരാട്ടം തുടരേണ്ടിയിരിക്കുന്നു.’- സോണിയഗാന്ധി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഗുലാം നബി ആസാദ് ,എ കെ ആന്റണി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉള്ള നേതാക്കളും പ്രവര്‍ത്തകരും പരിപാടിയുടെ ഭാഗമായി. കലാ സംസ്‌കാരിക പരിപാടികളും രാജീവ് ഗാന്ധിയുടെ കാലഘട്ടം വര്‍ണ്ണിക്കുന്ന ഡോക്യുമെന്ററി , ദ്യശ്യ പ്രദര്‍ശനങ്ങളും പരിപാടിക്ക് കൊഴുപ്പേകി. രാജീവ് ഗാന്ധിയുടെ നേട്ടങ്ങളെക്കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍ത്തെടുക്കാന്‍ ഉള്ള ഒരു മുഹൂര്‍ത്തം കൂടി ആയിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്നത്തെ സായാഹ്നം.