രാജീവ് ഗാന്ധി നടപ്പിലാക്കിയത് രാജ്യത്തിന്റെ വികസനം ഉറപ്പുവരുത്താനുള്ള ദീര്‍ഘവീക്ഷണ പദ്ധതികള്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Wednesday, May 21, 2025

 

ശാസ്ത്ര സാങ്കേതിക മേഖലകളില്‍ രാജ്യത്തിന്റെ വികസനം ഉറപ്പുവരുത്തുവാനുള്ള ദീര്‍ഘവീക്ഷണ പദ്ധതികളാണ് രാജീവ് ഗാന്ധി നടപ്പിലാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. രാജീവ് ഗാന്ധി അനുസ്മരണത്തോടനുബന്ധിച്ച് കെപിസിസിയില്‍ സംഘടിപ്പിച്ച വികസന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ഒരു നയതന്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും മഹാത്മാഗാന്ധിയുടെ സ്വപ്നമായിരുന്ന അധികാര വികേന്ദ്രീകരണം സാധ്യമാക്കിയത് രാജീവ് ഗാന്ധിയായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍ ഇന്ന് പഞ്ചായത്തീ രാജ് സംവിധാനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയമായി ദുര്‍വിനിയോഗം ചെയ്യുന്നു. വാര്‍ഡ് പുനര്‍വിഭജനം ഏകപക്ഷീയമായി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടത്തുന്നത്. ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന രീതിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വ്ക്തമാക്കി.

അതേ സമയം വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ശക്തമായ വിജയം യുഡിഎഫ് നേടണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞു. ദേശീയ പാത തകര്‍ന്നത് പോലെ സംസ്ഥാനസര്‍ക്കാരും തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും ആരോഗ്യമേഖലയിലെ ഗുരുതരമായ അനാസ്ഥകളാണ് പുറത്തുവരുന്നതെന്നും അവര്‍ വ്യക്തമാക്കി.

രാജീവ് ഗാന്ധി എന്നും മനുഷ്യത്വത്തിന്റെ പ്രതീകമായിരുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം പി പറഞ്ഞു. രാജ്യത്തിന് ആധുനിക സാങ്കേതിക മികവ് പകര്‍ന്ന വ്യക്തിയായിരുന്നു രാജീവ് ഗാന്ധിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി വ്യക്തമാക്കി. അധികാരം താഴെത്തട്ടില്‍ എത്തണമെന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം രാജീവ് ഗാന്ധി സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.