‘മാപ്പുപറയേണ്ടത് രാജീവ് ചന്ദ്രശേഖർ’: വക്കീൽ നോട്ടീസിന് മറുപടിയായി തരൂരിന്‍റെ വക്കീല്‍ നോട്ടീസ്

Jaihind Webdesk
Thursday, April 11, 2024

 

തിരുവനന്തപുരം: ഒരിക്കലും ഉന്നയിക്കാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ചതിനും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനും മാപ്പു പറയണമെന്നു കാണിച്ച് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂർ മറുപടി നോട്ടീസയച്ചു. രാജീവ് ചന്ദ്രശേഖറിന്‍റെ വക്കീൽ നോട്ടീസിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും തരൂർ അത്തരം പരാമർശമോ അഭിപ്രായമോ മാധ്യമങ്ങളിലോ മറ്റെവിടെയുമോ പറഞ്ഞിട്ടില്ലെന്നും ശശി തരൂരിന്‍റെ വക്കീല്‍ അയച്ച മറുപടി നോട്ടീസിൽ വ്യക്തമാക്കുന്നു.

നോട്ടീസിൽ പറയുന്ന യൂട്യൂബ് ലിങ്ക് പ്രവർത്തിക്കുന്നില്ല. ജനങ്ങൾക്ക് മുമ്പിൽ ദൃശ്യമാകാത്ത, നിലവിലില്ലാത്ത ഒരു ലിങ്കു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസിൽ പറയും പ്രകാരം ഉള്ള ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. മനഃപൂർവമോ അല്ലാതെയോ ഒരു മാധ്യമങ്ങളുടെ മുന്നിലും രാജീവ് ചന്ദ്രശേഖറിന്‍റെ വക്കീൽ നോട്ടീസിൽ പറയും പ്രകാരമുള്ള പ്രസ്താവന നടത്തിയിട്ടില്ല. ഉന്നയിക്കാത്ത ആരോപണങ്ങൾ പിൻവലിക്കാൻ കഴിയുന്നതെങ്ങനെയെന്നും അതിനാൽ തന്നെ മാപ്പു പറയില്ലെന്നും ശശി തരൂരിന്‍റെ നോട്ടീസിലുണ്ട്.

ഒരിക്കലും നടത്തിയിട്ടില്ലാത്ത ഒരു പരാമർശത്തെപ്പറ്റി സാങ്കല്‍പികമായി , തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കുറ്റകരമാണ്. വിവിധ മാധ്യമങ്ങളിലൂടെ രാജീവ് ചന്ദ്രശേഖർ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചതിലൂടെ ശശി തരൂരിന് ഉണ്ടാക്കുന്ന മാനഹാനിക്ക് രാജീവ് ചന്ദ്രശേഖർ ഉത്തരവാദിയാണ്. ബിജെപി സ്ഥാനാർത്ഥിയായ തന്നെക്കുറിച്ചു ആരോപണമുന്നയിച്ചുവെന്ന രാജീവ് ചന്ദ്രശേഖറിന്‍റെ ആരോപണം പിൻവലിച്ച് മാപ്പു പറയണം. ഇക്കാര്യത്തെക്കുറിച്ച്
തനിക്ക് അപകീർത്തികരമായ രീതിയിൽ രാജീവ് ചന്ദ്രശേഖർ ഒരു മാധ്യമങ്ങളിലും പറയാൻ പാടില്ലെന്നും ഡോ. ശശി തരൂരിന്‍റെ മറുപടി വക്കീൽ നോട്ടീസിൽ പറയുന്നു. അനാവശ്യ വിവാദമുണ്ടാക്കി ശരി തരൂരിന് മാനഹാനി ഉണ്ടാക്കിയതിനും അദ്ദേഹത്തിന് ജനങ്ങൾക്കു മുന്നിലുള്ള സൽപ്പേരിന് ഹാനി വരുത്തിയതിനും രാജീവ് ചന്ദ്രശേഖർ മാപ്പു പറയണമെന്നും
ഇല്ലാത്തപക്ഷം സിവിൽ ക്രിമിനൽ മാനനഷ്ടവ്യവഹാരങ്ങളിലേക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു.