ജീവനാണ് പ്രസ്ഥാനം… മകനും..; പ്രിയ പുത്രനു കോൺഗ്രസ് എന്ന് പേരിട്ട് ആദരവ് പ്രകടിപ്പിച്ച് വിനോദ് ജെയിന്‍

Jaihind News Bureau
Tuesday, January 21, 2020

ജീവനുതുല്യം പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന പ്രവർത്തകരെ പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്. അവരിൽ ഒരാളാണ് രാജസ്ഥാൻ സ്വദേശിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായ വിനോദ് ജെയിൻ. തന്‍റെ പ്രിയ പുത്രനു കോൺഗ്രസ് എന്ന് പേരിട്ടാണ് വിനോദ് പാർട്ടിയോടുള്ള തന്‍റെ ആദരവ് പ്രകടിപ്പിച്ചത്.

സ്വന്തം മണ്ണിനായും അതിനു വേണ്ടി പോരാടിയ പാർട്ടിക്കായും ജീവൻ ത്യജിച്ച പ്രവർത്തകർ ഒരുപാടുണ്ട് നമുക്ക് പറയാൻ.
എന്നാൽ ജീവനായി കാണുന്ന പ്രസ്ഥാനത്തിന്‍റെ പേര് ജീവന്‍റെ ജീവനായ കുഞ്ഞിന് നൽകിയിരിക്കുകയാണ് ഒരു പാർട്ടി പ്രവർത്തകൻ.
കോൺഗ്രസ് ജെയ്ൻ എന്നാണ് ഇയാൾ കുഞ്ഞിന് നൽകിയ പേര്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രവർത്തകൻ കുഞ്ഞിന് കോൺഗ്രസ് എന്ന് പേരിട്ടത്. മാധ്യമപ്രവർത്തകനായ രാകേഷ് ഗോസ്വാമിയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുഞ്ഞിന്‍റെ ഫോട്ടോയ്‌ക്കൊപ്പം കോൺഗ്രസ് ജെയിന്‍റെ ജനന സർട്ടിഫിക്കറ്റും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുട്ടി കോണ്‍ഗ്രസ് വൈറലായി.
താനും തന്‍റെ കുടുംബവും അത്രത്തോളം കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിനോദ് ജെയിൻ പറയുന്നു. ഭാവിയിൽ കോൺഗ്രസ് പാർട്ടിയിൽ തന്റെ മകനും സജീവ പങ്കുവഹിക്കുമെന്ന പ്രത്യാശയും വിനോദ് പ്രകടിപ്പിച്ചു.