രാജസ്ഥാനില്‍ സർക്കാരിനെ മറിച്ചിടാനുള്ള ശ്രമം വിലപ്പോകില്ല, ബിജെപി ശ്രമിക്കുന്നത് ജനാധിപത്യം അട്ടിമറിക്കാന്‍: കെ. സി വേണുഗോപാൽ

Jaihind News Bureau
Friday, June 12, 2020

കൊവിഡ് സാഹചര്യത്തിലും ജനാധിപത്യം അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന്  എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോകില്ല. രാജ്യസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുമ്പോഴും ജനാധിപത്യത്തെ അട്ടിമറിക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നത്.  പ്രധാനമന്ത്രി ഉൾപ്പെടെ പ്രശംസിച്ച കൊവിഡ് പ്രതിരോധമാണ് രാജസ്ഥാനിൽ നടക്കുന്നത്. എന്നാൽ കൊവിഡിനൊപ്പം ജനാധിപത്യത്തെ കൂടി സംരക്ഷിക്കേണ്ട പോരാട്ടമാണ് രാജസ്ഥാനിൽ കോണ്‍ഗ്രസ് നടത്തുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുക്ത ഭാരതം മോദിയുടെ സ്വപ്നമാണ്. എന്നാൽ ഇത് യാഥാർഥ്യമാകാന്‍ പോകുന്നില്ലെമ്മ് അശോക് ഗെഹ്ലോട്ട് പറഞ്ഞു. രാജ്യത്തിന്‍റെ ഡിഎൻഎ യിൽ കോണ്‍ഗ്രസ് ഉണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സർക്കാർ തുടരും. വരാൻ പോകുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥികൾ വിജയിക്കുമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.