നിയമസഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കാന്‍ തീരുമാനിച്ചതായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും നിയമസഭയില്‍ വനിതകള്‍ക്കു സംവരണം നടപ്പിലാക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് പ്രമേയം പാസാക്കണം എന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. നേരത്തെ സംവരണത്തിന് പിന്തുണ നല്‍കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി കത്തെഴുതിയിരുന്നു.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു കഴിഞ്ഞതായും കോണ്‍ഗ്രസ് മുന്നണി ഉള്‍പെട്ട സംസ്ഥാനങ്ങളില്‍ പ്രമേയം പാസാക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും വ്യക്തമാക്കി.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീ സംവരണത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ള വ്യക്തിയാണെന്നും ബില്‍ മുമ്പ് ലോക്സഭയില്‍ പാസാക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ നേട്ടമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ബില്‍ ഇപ്പോഴും രാജ്യസഭയില്‍ പാസാക്കാതെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിന് പിന്തുണ നല്കാന് പ്രമേയം പാസാക്കി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് നടപ്പാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ബില്‍ പാസാക്കാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രമേയം പാസാക്കാനാവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ക്കും രാഹുല്‍ ഗാന്ധി കത്തെഴുതിയിരുന്നു.