പ്രാദേശിക ഉത്സവങ്ങളും വിവാഹ തിരക്കുകളും; രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് തീയതി മാറ്റി

Jaihind Webdesk
Wednesday, October 11, 2023

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബര്‍ 23ല്‍ നിന്ന് 25ലേക്കാണ് മാറ്റിയത്. പ്രാദേശിക ഉത്സവങ്ങളും വിവാഹ തിരക്കുകളും കണക്കിലെടുത്താണ് തീയതി മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 23ന് വലിയ തോതില്‍ വിവാഹങ്ങളും പ്രാദേശിക ഉത്സവങ്ങളും നടക്കുന്നതിനാല്‍ തീയതി മാറ്റണമെന്നതായിരുന്നു ആവശ്യം. ഇത് കണക്കിലെടുത്താണ് നവംബര്‍ 25ലേക്ക് തെരഞ്ഞെടുപ്പ് മാറ്റിയതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം രാജസ്ഥാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് തീയതികളില്‍ മാറ്റമില്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.