ആ ധീരനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കട്ടേ; അഭിനന്ദന്റെ ജീവിതകഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍

Jaihind Webdesk
Wednesday, March 6, 2019

Abhinandan-Varthaman

ജയ്പൂര്‍: ഇന്ത്യയുടെ അതിര്‍ത്തി ലംഘിക്കാനൊരുങ്ങിയ പാകിസ്ഥാന്‍ വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും തിരികെയെത്തുകയും ചെയ്ത ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ രാജസ്ഥാനില്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചു. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറ നിര്‍ദേശിച്ചു.

അഭിനന്ദന്റെ ധീരത രാജസ്ഥാനിലെ സ്‌കൂള്‍ സിലബസിലുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏത് ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്‌കത്തിലാണ് ജീവിതകഥ ഉള്‍പ്പെടുത്തുക എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.

പാകിസ്ഥാന്‍ തടവിലാക്കിയ അഭിനന്ദന്‍ വര്‍ധമാനെ മൂന്നു ദിവസത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. താന്‍ ഓടിച്ചിരുന്ന മിഗ് 21 ബൈസന്‍ യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്ന് പാരച്യൂട്ട് ഉപയോഗിച്ച് അഭിനന്ദന്‍ പാക് അധീന കശ്മീരിലാണ് ഇറങ്ങിയത്. അതിജീവനത്തിനുള്ള കിറ്റ്, ഭൂപടം, സുപ്രധാനമായ രേഖകള്‍ എന്നിവ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുമ്പോള്‍ അഭിനന്ദന്റെ കൈയിലുണ്ടായിരുന്നു. ഇവ പാക് സൈന്യം പിടികൂടുന്നതിന് മുമ്പ് അദ്ദേഹം നശിപ്പിച്ചിരുന്നു.