രാജസ്ഥാനില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ഭരണവിരുദ്ധ വികാരമില്ലാത്തതിന്റെ ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

Jaihind Webdesk
Saturday, November 25, 2023


രാജസ്ഥാനിലെ 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ് പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലും വോട്ട് രേഖപ്പെടുത്തും. മുന്‍കാലങ്ങളിലേത് പോലെ തരംഗമില്ലെങ്കിലും മോദി മുഖമായ തെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റത്തിനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ ഭരണ വിരുദ്ധ വികാരമില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം.