രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം; തിരിച്ചടിയേറ്റ് ബിജെപി

Jaihind Webdesk
Tuesday, December 21, 2021

ജയ്പൂർ : രാജസ്ഥാനിലെ നാല് ജില്ലകളിലെ ജില്ലാ പരിഷത്, പഞ്ചായത്ത് സമിതി ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം. ബാരൻ, കോട്ട, ഗംഗാനഗർ, കരൗലി ജില്ലകളിലെ പഞ്ചായത്ത് സമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവന്ന 538 വാർഡുകളില്‍ 254 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കി.

കടുത്ത തണുപ്പിനെ തുടർന്ന് 2 മണിക്കൂർ വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പഞ്ചായത്ത് സമിതികളിലെ ആകെയുള്ള 568 വാർഡുകളിൽ 538 എണ്ണത്തിലെ ഫലമാണ് പുറത്തുവന്നത്. ഇതിൽ 254 സീറ്റുകൾ കോൺഗ്രസ് നേടി. 163 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ബിഎസ്പി 14 സീറ്റുകളിലും സിപിഎം ഒമ്പത് സീറ്റുകളിലും വിജയിച്ചു. ആർഎൽപി ഒരു സീറ്റിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ 97 സീറ്റുകളിലും വിജയിച്ചു.

ജില്ലാ പരിഷതുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് രാവിലെ ഒമ്പത് മണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണൽ 11 മണിക്കാണ് ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 2,251 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 1,946 സ്ഥാനാർത്ഥികൾ പഞ്ചായത്ത് സമിതികളിലേക്കും 305 സ്ഥാനാർത്ഥികൾ ജില്ലാ പരിഷതിലേക്കുമാണ് ജനവിധി തേടിയത്. ജില്ലാ പരിഷതിലേക്ക് മൂന്നുപേരും പഞ്ചായത്ത് സമിതിയിലേക്ക് ആറുപേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.