കെ.ടി. ജലീല്‍ പറയുന്നതൊന്നും ശരിയല്ല; മാര്‍ക്ക് ദാനത്തില്‍ മന്ത്രിയുടെ വാദങ്ങളെ തള്ളി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍

Jaihind News Bureau
Friday, October 18, 2019

തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാന വിഷയത്തില്‍ കെ.ടി. ജലീലിന്റെയും സര്‍ക്കാരിന്റെയും വാദങ്ങളെ തള്ളി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍. പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് യാതൊരു അധികാരവുമില്ലെന്ന് രാജന്‍ ഗുരുക്കള്‍ പറഞ്ഞു. സിന്‍ഡിക്കേറ്റില്‍ പരീക്ഷ നടത്തിപ്പിനായി ഒരു സമിതിയുണ്ടാവും എന്നാല്‍ അവര്‍ക്ക് പോലും ഉത്തരപേപ്പര്‍ വിളിച്ചു വരുത്താനാവില്ല.
പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ മാര്‍ക്ക് കൂട്ടി നല്‍കാനോ കുറച്ചു നല്‍കാനോ സിന്‍ഡിക്കേറ്റിന് പറ്റില്ല. കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനാണ് പരീക്ഷ നടത്തിപ്പിന് നിയമപ്രകാരം ചുമതലപ്പെട്ടത്. അദ്ദേഹത്തിന് മുകളില്‍ പരീക്ഷാ നടത്തിപ്പില്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അദാലത്തുകള്‍ നടത്താന്‍ സര്‍വകാലാശാലകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അതില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണ്. വൈസ് ചാന്‍സലര്‍ക്കാണ് അദാലത്ത് നടത്താന്‍ അവകാശം. സിന്‍ഡിക്കേറ്റ് എന്നാല്‍ നിയമ നിര്‍മ്മാണ സമിതിയല്ല. ആവശ്യമെങ്കില്‍ അന്വേഷണം നടത്തണം. തെറ്റെങ്കില്‍ തീരുമാനം റദ്ദാക്കി സര്‍വകലാശാലയുടെ വിശ്വാസ്യത വീണ്ടെടുക്കണം
സര്‍വകലാശാലയുടെ ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രൊ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഇടപെടാന്‍ നിയമമില്ല. വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കാം എന്നതില്‍ കവിഞ്ഞൊരു അധികാരവും ഉന്നത വിദ്യാഭ്യാസമന്ത്രിക്കില്ലെന്നും രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയവും പൊതുസ്വീകാര്യതയുമുള്ള വ്യക്തിയാണ് രാജന്‍ ഗുരുക്കള്‍. ഉന്നതവിദ്യാഭ്യസ കൗണ്‍സിലിന്റെ ഉപാധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പ്രസ്താവന മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലേക്കാണ് കൊണ്ടു പോകുന്നത്.