എസ്എഫ്ഐ അതിക്രമം: ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രാജ്ഭവന്‍; സർക്കാരിനോട് വിശദീകരണം തേടും

Jaihind Webdesk
Tuesday, December 12, 2023

 

തിരുവനന്തപുരം: ഗവർണർക്ക് നേരെ ഉണ്ടായ എസ്എഫ്‌ഐ പ്രതിഷേധം ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രാജ്ഭവൻ. ഇക്കാര്യത്തിൽ രാജ്ഭവൻ സർക്കാരിനോട് വിശദീകരണം തേടും. കേന്ദ്ര രഹസ്യന്വേഷണ വിഭാഗങ്ങളും സംഭവത്തെക്കുറിച്ച് അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് 19 എസ്എഫ്‌ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എസ്എഫ്‌ഐ അതിക്രമവും അതിനെതിരെയുള്ള ഗവർണറുടെ പ്രതികരണങ്ങളോടും മുഖ്യമന്ത്രി എങ്ങനെ വിശദീകരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് തലസ്ഥാന നഗരിയില്‍ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനം ആക്രമിച്ചത്. കരിങ്കൊടിയുമായെത്തിയവർ ഗവർണറുടെ വാഹനം തടയുകയും വാഹനത്തില്‍ അടിക്കുകയും ചെയ്തു. ആദ്യം യൂണിവേഴ്‌സിറ്റി കോളജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. വീണ്ടും പ്രതിഷേധം ഉണ്ടായതോടെ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിച്ചു. പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതോടെയാണ് സംസ്ഥാനത്ത് ഗുണ്ടാരാജ് നടക്കുന്നതായിആ ക്രോശിച്ചു ഗവർണർ തെരുവിലിറങ്ങിയത്. മുഖ്യമന്ത്രി അറിഞ്ഞാണോ പ്രതിഷേധമെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇതാണോ തനിക്കൊരുക്കിയ സുരക്ഷയെന്ന് ആക്രോശിച്ച ഗവർണർ ക്രിമിനലുകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെങ്കില്‍ അത് വിലപ്പോവില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക് ഇതുപോലെ വരാന്‍ സമ്മതിക്കുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു. ശാരീരികമായി തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണെന്നും ഗവർണർ തുറന്നടിച്ചു. രാജ്ഭവനിൽ നിന്നും ഡൽഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. എസ്എഫ്ഐ പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നും ‘കവാർഡ്സ്’ എന്നും വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു.

സർക്കാർ-ഗവർണർ പോര് തെരുവു യുദ്ധത്തിലേക്ക് വഴിമാറുമ്പോൾ സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ നേർക്കാഴ്ചയായി അത് മാറുകയാണ്. തന്നെ കായികമായി നേരിടുവാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയതായി സംസ്ഥാനത്തെ ഭരണത്തലവൻ തെരുവിലിറങ്ങി വിളിച്ചു പറയുന്ന അസാധാരണ സംഭവ വികാസങ്ങൾക്കാണ് കഴിഞ്ഞ രാത്രി തലസ്ഥാനം സാക്ഷിയായത്.