ആര്‍എസ്എസ് നേതാവിന് രാഷ്ട്രീയ പ്രസംഗം നടത്താനുള്ള സ്ഥലമല്ല രാജ്ഭവനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഓപ്പറേഷന് സിന്ദൂറിന്റെ പേരില്‍ രാജ്ഭവന് സംഘടിപ്പിച്ച പരിപാടിയില്‍ ആര്.എസ്.എസ് നേതാവായ ഗുരുമൂര്‍ത്തിയെ പങ്കെടുപ്പിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ കേന്ദ്ര സര്‍ക്കാരുകളെയും മുന്‍ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഗുരുമൂര്‍ത്തി അവിടെ നടത്തിയത്. ഇത്തരം രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കുള്ള വേദിയല്ല രാജ്ഭവന്. രാജ്ഭവന് ഗവര്‍ണറുടെ ആസ്ഥാനമാണ്. ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് പരിപാടി നടത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. മിലിട്ടറി എക്സ്പര്‍ട്ടുകളെയോ വിദേശകാര്യ വിദഗ്ധന്മാരെയോ കൊണ്ടുവന്നാണ് പ്രഭാഷണം നടത്തേണ്ടത്.
രാജ്ഭവനില്‍ ഔദ്യോഗികമായി ഒരു ആര്.എസ്.എസ് നേതാവിനെ കൊണ്ടു വന്ന് പ്രസംഗിപ്പിക്കുകയും മുന്‍ സര്‍ക്കാരുകള്‍ക്കെതിരായി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത് ദൗര്‍ഭാഗ്യകരവും അനൗചിത്യവുമാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാജ്ഭവനില്‍ രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ചതില്‍ പ്രതിപക്ഷം അതിശക്തിയായി പ്രതിഷേധിക്കുന്നു. സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.