പൊലീസിന്‍റെ സഹായത്തോടെ കർഷകരുടെ പ്രതിഷേധത്തെ തകർക്കാൻ ശ്രമിച്ചാൽ അത് പരാജയപ്പെടുമെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Saturday, November 28, 2020

 

ന്യൂഡല്‍ഹി : പൊലീസിന്‍റെ സഹായത്തോടെ കർഷകരുടെ പ്രതിഷേധത്തെ തകർക്കാൻ ശ്രമിച്ചാൽ അത് പരാജയപ്പെടുമെന്ന് രാഹുൽ ഗാന്ധി. അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് അപരാധമല്ല കടമയാണ്. മോദി സർക്കാരിന് പൊലീസിന്‍റെ വ്യാജ എഫ്‌ഐ‌ആറിന്‍റെ സഹായം കൊണ്ടൊന്നും കർഷകരുടെ ദൃഢമായ ഉദ്ദേശ്യലക്ഷ്യത്തില്‍ മാറ്റമുണ്ടാക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കർഷക വിരുദ്ധ കരിനിയമങ്ങള്‍ ഇല്ലാതാകുവോളം ഈ പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

കേന്ദ്ര സർക്കാരിന്‍റെ കർഷകദ്രോഹ കാർഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച കർഷകർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഹരിയാന പൊലീസ് നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കൊലപാതക ശ്രമം ഉൾപ്പെടെ ഉള്ള വകുപ്പുകളാണ് കർഷകർക്ക് എതിരെ ഹരിയാന പൊലീസ് ചുമത്തിയിരിക്കുന്നത്.