റായ്പുർ/ഛത്തീസ്ഗഢ്: കോൺഗ്രസ് ഭരണഘടനാ ഭേദഗതി പാസാക്കി റായ്പുർ പ്ലീനറി സമ്മേളനം. പ്രവർത്തകസമിതിയിലെയും എഐസിസി അംഗങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതിനും ഡിജിറ്റൽ മെമ്പർഷിപ്പടക്കമുള്ള മറ്റു കാര്യങ്ങളിലും ഭേദഗതി നടപ്പിലാക്കാനും പ്ലീനറി സമ്മേളനത്തിൽ തീരുമാനമായി.
കോൺഗ്രസ് ഭരണഘടനയിലെ 16 വകുപ്പുകളും 32 ചട്ടങ്ങളും ഭേദഗതി ചെയ്യാനാണ് പ്ലീനറി സമ്മേളനത്തില്‍ തീരുമാനമായത്. എഐസിസി പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണവും വർധിപ്പിക്കും. എസിസി അംഗങ്ങളുടെ എണ്ണം 1300 ൽ നിന്ന് 1800 ആക്കാനും പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം 25 ൽ നിന്നും 35 ആക്കി ഉയർത്താനും അംഗീകാരം നൽകി.
പ്രവർത്ത സമിതിയിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുൻ അധ്യക്ഷരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്, രാജ്യസഭയിലെയും ലോക്സഭയിലെയും കക്ഷി നേതാക്കൾ തുടങ്ങിയവർ സ്ഥിര അംഗങ്ങളായി തുടരും. നിലവിൽ സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ പ്രിയങ്കാ ഗാന്ധി നാമനിർദേശം ചെയ്യപ്പെടും.
എസ്.സി-എസ്.ടി-ഒബിസി ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 50 ശതമാനവും യുവാക്കൾക്ക് പ്രത്യേകമായി 50 ശതമാനവും സംവരണം ഏർപ്പെടുത്തും. ഒബിസി ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 25 ശതമാനവും പട്ടിക വിഭാഗങ്ങൾക്ക് 25 ശതമാനവും എന്ന നിരക്കിലാണ് പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം 25 ൽ നിന്ന് 35 ആക്കി ഉയർത്തുന്നത്. ഡിജിറ്റൽ മെമ്പർഷിപ്പ് അടക്കമുള്ള മറ്റു കാര്യങ്ങളിലും ഭേദഗതി നടപ്പിലാക്കും. കോണ്‍ഗ്രസിന്‍റെ ചരിത്രപരമായ തീരുമാനമാണിതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു.