കേരളത്തിൽ ശനിയാഴ്ച വരെ മഴ തുടരും ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Jaihind Webdesk
Wednesday, May 26, 2021

തിരുവനന്തപുരം  : സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 11 ജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെല്ലാം ശക്തമായ മഴ തുടരുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കഴിഞ്ഞദിവസം രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. വിതുരയിൽ നിർമാണത്തിലിരുന്ന പാലത്തിന്‍റെ മുകൾഭാഗം ഒലിച്ചുപോയി. വാമനപുരം നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലമാണ് തകർന്നത്. വര്‍ക്കലയില്‍ ഒരു വീട് തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. കൊല്ലം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്.

കനത്ത മഴയിൽ കൊല്ലം ജില്ലയിലെ കരവാളൂരിൽ പുതുതായി നിർമ്മിച്ച മലയോര ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. അഞ്ചൽ – പുനലൂർ റോഡിൽ പിറക്കൽ പാലത്തിന് സമീപമുള്ള ഇറക്കത്തിലാണ് മലയോര ഹൈവേയുടെ ഒരു വശം ഇടിഞ്ഞു താഴ്ന്നത്. ക്രാഷ് ബാരിയർ ഉൾപ്പെടെയാണ് താഴ്ചയിലേക്ക് പതിച്ചത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് പുതിയ റോഡ് ആദ്യ മഴയിൽ തന്നെ ഇടിയാൻ കാരണമെന്ന ആരോപണമുയർന്നിട്ടുണ്ട്. റോഡ് തകർന്നു തുടങ്ങിയതോടെ മേഖലയിൽ താഴ്ന്ന ഭാഗങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ ആശങ്കയിലായി.

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നു. വെള്ളംകയറുവാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്കോ വില്ലേജ് ഓഫീസറുടെയോ ഗ്രാമപഞ്ചായത്ത് അധികൃ തരുടെയോ നിര്‍ദേശ പ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

കോട്ടയം ജില്ലയില്‍ ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് മരം കടപുഴകി വീണു. കോട്ടയം തിരുവാതുക്കലിലാണ് ശക്തമായ കാറ്റിൽ വൻമരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടം ഉണ്ടായത്. ഇതുകൂടാതെ കോട്ടയത്തിന്‍റെ സമീപ പ്രദേശങ്ങളിലും നിരവധി ഇടങ്ങളിൽ മരം വീണ് വൈദ്യുത വിതരണ സംവിധാനം താറുമാറായി. ശക്തമായ കാറ്റിനെ തുടർന്ന് പുത്തനങ്ങാടി ഭുവനേശ്വരി ക്ഷേത്രത്തിലെ ആൽമരം കടപുഴകി വീണു.

ഇടുക്കിയിൽ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് മുൻകരുതലിന്‍റെ ഭാഗമായി കല്ലാർകുട്ടി ഡാം തുറന്നു. മുതിരപ്പുഴയാറിന്‍റെയും പെരിയാറിന്‍റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴ ലഭിച്ചു.