കേരളത്തില്‍ വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Jaihind Webdesk
Saturday, November 9, 2024


തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും തുടര്‍ന്ന് തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തില്‍ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസം കൂടി ഇടി മിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം.

അതെസമയം നവംബര്‍ 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പുകളില്ല. എല്ലാ ജില്ലകളിലും ഗ്രീന്‍ അലേര്‍ട്ടാണ്. അതേസമയം, തിരുവനന്തപുരം കരമന നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നദിക്കരയിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുണ്ട്. നദിയില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലെന്നും ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു.