ഇരട്ട ന്യൂനമർദ്ദം; വരുംദിവസങ്ങളിലും മഴ കടുക്കും, ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Friday, May 24, 2024

 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനു പുറമേ അറബിക്കടലിലും ന്യൂനമർദം രൂപംകൊണ്ടതോടെ കേരളത്തിലും ലക്ഷദ്വീപിലും വരുംദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യത. എറണാകുളം, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (15.6 -64.4 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളതീരത്ത് വിഴിഞ്ഞം മുതൽ കാസറഗോഡ് വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. 3.3 മീറ്റർ വരെ ഉയരമുള്ള തിരമാലക്കും കടലാക്രമണത്തിനുമാണ് സാധ്യത. 25ന് രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേഗത സെക്കൻഡിൽ 16 cm നും 68 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് ,വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേക്കാം. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ആലപ്പുഴ ജില്ലയിൽ- 105.3 മില്ലിമീറ്റർ. എറണാകുളം (97.4), കോട്ടയം (92.7) ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ സംസ്ഥാനത്താകെ 54.2 മില്ലിമീറ്റർ മഴ പെയ്തു. മാർച്ച് 1 മുതലുള്ള വേനൽമഴ സീസണിൽ സംസ്ഥാനത്ത് ഇന്നലെവരെ 326.4 മില്ലിമീറ്റർ മഴ പെയ്തു. ഇതോടെ കേരളത്തിൽ വേനൽമഴ 18% അധികം ലഭിച്ചു. തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.