ഐപിഎല്ലില്‍ മഴയുടെ കളി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ശക്തമായ മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും സാധ്യമായില്ല. ഇതോടെ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ 18 ആം സീസണഇല്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായി. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 17 പോയിന്റുകളുമായി പ്ലേ ഓഫിലേയ്ക്ക് അടുത്തു.
ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ പത്ത് ദിവസത്തോളമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശേഷിക്കുന്ന നിര്‍ണായക മല്‍സരങ്ങള്‍ക്കായി ടൂര്‍ണമെന്റ് പുന:രാരംഭിച്ചപ്പോള്‍ ഒരു ഹൈ വോള്‍ട്ടേജ് പോരാട്ടത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍, ടോസ് പോലും നടത്താന്‍ കഴിയാത്ത വിധമാണ് മഴ തിമിര്‍ത്താടിയത്. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ഇതോടെ 17 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തുകയും പ്ലേ ഓഫ് സാധ്യത ശക്തമാക്കുകയും ചെയ്തു. ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സോ പഞ്ചാബ് കിംഗ്‌സോ പരാജയപ്പെട്ടാല്‍ ബെംഗളൂരു ഔദ്യോഗികമായി പ്ലേ ഓഫിലേക്ക് കയറും. ഇന്ന് വൈകുന്നേരം 3.30ന് നടക്കാനിരിക്കുന്ന ആദ്യ മല്‍സരത്തില്‍ പഞ്ചാബ് കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനെയും രാത്രി 7.30ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെയും നേരിടും.