തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്ന് കാലാവസ്ഥാ വകുപ്പ് നിര്‍വചിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ശക്തമായി പെയ്തിരുന്ന മഴ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കുറഞ്ഞിട്ടുണ്ട്. ഇനി വരുന്ന ദിവസങ്ങളില്‍ ഇടവിട്ടുള്ള മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സെപ്റ്റംബര്‍ 2 അല്ലെങ്കില്‍ 3 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. നിലവിലെ സൂചനകള്‍ പ്രകാരം, ഇത് ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് കാരണമാവുക. തുടര്‍ന്ന് സംസ്ഥാനത്ത് പൊതുവെ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.