സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചാലിയാറിന്റേയും കൈവഴികളുടെയും തീരങ്ങളില്‍ താമസിക്കുന്ന ആയിരത്തോളംപേരെ മാറ്റിപ്പാര്‍പ്പിച്ചു. പുന്നപ്പുഴ കരകവിഞ്ഞ് എടക്കര മുപ്പിനിപ്പാലം വെള്ളത്തിനടിയിലായി. പോത്തുകല്ലില്‍ ചാലിയാറിനുകുറുകെയുള്ള മുണ്ടേരിപ്പാലവും ഒഴുകിപ്പോയി. ഇതോടെ ഇരുട്ടുകുത്തി, വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞപ്രളയത്തില്‍ വലിയ നാശമുണ്ടാക്കിയ പാതാറിലെ തോടും കരകവിഞ്ഞൊഴുകുന്നു.നിലമ്പൂർ താലൂക്കിലെ 25ഓളം വീടുകൾക്ക് മഴയിലും കാറ്റിലും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കരുളായിയില്‍ ജലനിരപ്പുയര്‍ന്നതോടെ ഒറ്റപ്പെട്ട നെടുങ്കയം കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. ഏഴു ക്യാമ്പുകളിലേക്കായി 397 പേരെ മാറ്റി.
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ചാലിയാർ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. വനത്തിൽ ഒന്നിലേറെ സ്ഥലത്തു ഉരുൾ പൊട്ടിയതായി സംശയം. നദീതീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴ തുടരുന്നത് പലയിടത്തും ജനജീവിതം ദുസ്സഹമാക്കി. കോഴിക്കോടും വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വയനാട്ടിലെ കനത്ത മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് വിലങ്ങാട് മലയില്‍ വനപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി. പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ പഞ്ചായത്ത് ദുരന്തനിവാരണ സേന അറിയിച്ചു.
ഇടുക്കിയിലും ശക്തമായ മഴ തുടരുകയാണ്. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. വാഗമൺ നല്ലതണ്ണിയാറിന് സമീപം നിർത്തിയിട്ടിരുന്ന കാർ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. ജില്ലയിലെ മിക്ക ഡാമുകളും കരകവിഞ്ഞു നിൽക്കുകയാണ്. മലങ്കര, പാബ്ല, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ പൂർണ്ണമായി തുറന്നിട്ടിരിക്കുകയാണ്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പൊൻമുടി ഡാമിന്റെ മൂന്നു ഷട്ടറുകൾ രാവിലെ 6 മണിയ്ക്ക് തുറന്നു വിട്ടു.