യുഎഇയില്‍ കനത്ത മഴ; ജനജീവിതം താറുമാറായി; 4 മണിക്കൂറിനുള്ളില്‍ 156 വാഹനാപകടങ്ങള്‍

യുഎഇയില്‍ നിര്‍ത്താതെ പെയ്ത മഴയില്‍ ജനജീവിതം താറുമാറായി. ദുബായില്‍ നാല് മണിക്കൂറിനുള്ളില്‍ 156 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ ഉച്ചയോടെയാണ് ശമിച്ചത്. ഞായറാഴ്ച വൈകിട്ടാണ് മഴയ്ക്ക് തുടക്കം കുറിച്ചത്. രാത്രികളില്‍ ശക്തമായ ഇടിമിന്നലും ഉണ്ടായി. ഇതോടെ റോഡുകളിലും മറ്റും വെള്ളക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. വാഹന സഞ്ചാരത്തെ ഇത് പ്രതികൂലമായി ബാധിച്ചു. സ്‌കൂള്‍ ബസുകളും മറ്റും വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഓഫീസുകളില്‍ എത്തേണ്ടവരുടെ യാത്രയും വൈകി.

സ്‌കൂളുകള്‍ ഉച്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ വിവിധ മുനിസിപാലിറ്റി അധികൃതര്‍ കഠിനശ്രമത്തിലാണ്. ദുബായില്‍ മാത്രം നാല് മണിക്കൂറിനുള്ളില്‍ 156 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, മാറിയ കാലാവസ്ഥയില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎഇ തൊഴില്‍ മന്ത്രി നാസിര്‍ ബിന്‍ ഥാനി അല്‍ ഹാമിലി, നിര്‍ദേശം നല്‍കി. കാറ്റും മഴയും മഞ്ഞും വരും ദിവസങ്ങളിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. തൊഴിലിടങ്ങളിലേക്ക് പോകുകയും തിരിച്ചു വരികയും ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. തൊഴിലിടങ്ങളില്‍, ജോലിക്കാര്‍ സുരക്ഷിതരാണെന്ന് തൊഴിലുടമകള്‍ ഉറപ്പാക്കണമെന്നും മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

https://youtu.be/32yiQn7dD6M

RainDubaiUAE
Comments (0)
Add Comment