ദുബായ് : മഴയും മോശം കാലാവസ്ഥയും മൂലം ദുബായില്‍ 1,900 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനമോടിക്കാന്‍ കാലാവസ്ഥ മോശമാണെങ്കില്‍ , കാറുകള്‍ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിടണമെന്ന്, വാഹനമോടിക്കുന്നവരോട് പൊലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച ഉച്ചവരെ നീണ്ടുനിന്ന, കനത്ത മഴയില്‍ മാത്രം, 1,900 ട്രാഫിക് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 55 അപകടങ്ങള്‍ ഗുരുതരമായ സ്വഭാവം ഉള്ളവയാണെന്നും ബാക്കിയുള്ളവ നിസ്സാര അപകടമാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള 999 എന്ന നമ്പറില്‍ വന്നത് 51,749 ഫോണ്‍കോളുകള്‍ ലഭിച്ചു. അതിനാല്‍, മോശം കാലാവസ്ഥയില്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം, യുഎഇയിലെ വിവിധ എമിറേറ്റുകളില്‍, ഇന്ന് ആലിപ്പഴ മഴ പെയ്തു. തണുത്തുറഞ്ഞ ഐസ് കഷ്ണങ്ങളുമായി പെയ്ത മഴ, രാജ്യത്ത് അപൂര്‍വമായി ലഭിച്ച കാഴ്ചയായി മാറി. യുഎഇയില്‍ കഴിഞ്ഞ രണ്ടുദിവസമായി മഴയും തണുപ്പും രൂക്ഷമാണ്. ശനിയാഴ്ച രാത്രി മുഴുവന്‍ തണുത്തക്കാറ്റും ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു. ഇപ്രകാരം, അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന്, മിക്ക സ്‌കൂളുകള്‍ക്കും ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. ഇതിനിടെയാണ്, അപ്രതീക്ഷിതമായ ആലിപ്പഴം വര്‍ഷിച്ചത്.