മഴ മുന്നറിയിപ്പ്; കണ്ണൂരില്‍ യെല്ലോ അലർട്ട്, കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

Jaihind Webdesk
Monday, June 3, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ ജില്ലയില്‍ ഇന്ന് യെല്ലോ അലർട്ടാണ്. ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ജാഗ്രത തുടരണം.

കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. കാറ്റിന്‍റെ വേഗം കൂടാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം.