കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാമുന്നറിയിപ്പ്

Jaihind Webdesk
Monday, October 1, 2018

അറബിക്കടലിന്‍റെ കേരള തീരത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്ത് ഒക്ടോബർ ആറിന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 6 മുതൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്.

സംസ്ഥാനത്ത് 7, 8 തീയതികളിൽ ന്യൂനമര്‍ദം ശക്തിപ്പെട്ട് അറബിക്കടലിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദത്തെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.

തീരദേശ ഗ്രാമങ്ങൾ, തുറമുഖങ്ങൾ, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങൾ, തീരപ്രദേശത്തെ ജനപ്രതിനിധികൾ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവർ ഈ മുന്നറിയിപ്പ് എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു ഫിഷറീസ് വകുപ്പിനോടു നിർദേശിച്ചു. ദീർഘനാളത്തേക്ക് അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോയവരെ അഞ്ചിന് മുമ്പ് തീരത്ത് എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇന്നു മുതൽ കടലിൽ പോകുന്നവർ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബർ 5ന് മുമ്പ് തീരത്തെത്താൻ നിർദേശിക്കണം. കടൽ ആംബുലൻസുകളും അടിയന്തര രക്ഷാപ്രവർത്തന ബോട്ടുകളും സജ്ജമാക്കാനും ഫിഷറീസ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 6 മുതൽ മത്സ്യബന്ധനത്തിന് പോകരുതെന്നു തീരദേശങ്ങളിൽ അറിയിപ്പ് നൽകാൻ തീരദേശ പൊലീസിനും മറൈൻ
എൻഫോഴ്‌സ്‌മെന്‍റിനും നിർദേശം നൽകി.